ഓട്ടോക്കാരൻ പഞ്ചായത്ത് പ്രസിഡന്റ് ഇനി 'സ്വതന്ത്രൻ"
തൃശൂർ: ഓട്ടോറിക്ഷാ ഡ്രൈവറായ ബൈജു ദേവസി സ്വതന്ത്രനായി ജയിച്ചാണ് മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റായത്. പകൽ രാഷ്ട്രീയക്കാരനാകും. ഉപജീവനത്തിനായി രാത്രിയിലാണ് ഓട്ടോ ഓടിക്കുന്നത്. 12 വർഷമായി തൃശൂരിൽ ഓട്ടോഡ്രൈവറാണ്. ഇനിയും മത്സരിക്കുമോ എന്ന് ചോദിച്ചാൽ 'ഒന്നും തീരുമാനിച്ചിട്ടില്ല. ഇനി തീരുമാനിച്ചാൽ സ്വതന്ത്രനല്ലാതെ വേറെ കളിയില്ല" എന്നാകും ബൈജുവിന്റെ മറുപടി.
ബൈജുവിന്റെ അപ്പൻ മുളങ്കുന്നത്തുകാവ് അരങ്ങഴിക്കുളം കൊള്ളന്നൂർ വീട്ടിൽ ജേക്കബ് സി.പി.എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ജേക്കബിന്റെ മൂന്ന് മക്കളിൽ രണ്ടാമനായ ബൈജു ദേവസിയും പാർട്ടി നേതാവായി.
ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗവും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായി. 2010ൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി നിർദ്ദേശിച്ചു, ജയിച്ചു. ഏത് പദവിയിലെത്തിയാലും കെ.എൽ-08 സി.സി 3203 നമ്പർ ഓട്ടോയിൽ ബൈജുവുണ്ടാകും.
പണിയെടുക്കുന്ന രാഷ്ട്രീയക്കാരൻ
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായപ്പോഴും പ്ലംബറും ഇലക്ട്രീഷ്യനുമായിരുന്നു. 2013ൽ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ഒഴിഞ്ഞപ്പോൾ പാർട്ടി നിയോഗിച്ചത് ബൈജുവിനെയായിരുന്നു. രണ്ടു വർഷം പഞ്ചായത്ത് ഭരിച്ചു. ഇലക്ട്രീഷ്യൻ ജോലി പൂർത്തിയാക്കാൻ സമയം കിട്ടാതായപ്പോൾ ഓട്ടോ വാങ്ങി. അഭിപ്രായഭിന്നതകളെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്തുപോയപ്പോഴും തളർന്നില്ല. 2020ൽ സ്വതന്ത്രനായി തിരൂർ കിഴക്കേ അങ്ങാടി വാർഡിൽ നിന്ന് ജയിച്ചു. എൽ.ഡി.എഫും യു.ഡി.എഫും പഞ്ചായത്തിൽ തുല്യശക്തികളായപ്പോൾ രണ്ടാമതും ബൈജു പ്രസിഡന്റായി. പൂമലയിൽ സഹോദരനൊപ്പമാണ് താമസം. ഭാര്യ സിമി വീട്ടമ്മ. മക്കൾ: നിയ, നോയൽ.
'പണിയെടുത്താകണം രാഷ്ട്രീയപ്രവർത്തനം എന്നതാണ് എന്റെ ആദർശം".
- ബൈജു ദേവസി