'തുടരും' ഗോവ ചലച്ചിത്രോത്സവത്തിലേക്ക്

Friday 07 November 2025 1:01 AM IST

ന്യൂഡൽഹി: തരുൺ മൂർത്തി സംവിധാനം ചെയ്ത 'തുടരും" 56-ാമത് ഇന്റർനാഷണൽ ഫിലം ഫെസ്റ്റിവൽ ഒഫ് ഇന്ത്യയിലെ (ഐ.എഫ്.എഫ്.ഐ) ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 20 മുതൽ 28 വരെ ഗോവയിലാണ് ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്.

ഏപ്രിൽ 25നാണ് തുടരും തിയേറ്ററുകളിൽ എത്തിയത്. നീണ്ട ഇടവേളയ്ക്കുശേഷം മോഹൻലാലും ശോഭനയും ഒന്നിച്ച ചിത്രം,​ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറിയിരുന്നു. ആഗോളതലത്തിൽ 200 കോടി രൂപയിലധികമാണ് ചിത്രം നേടിയത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച ചിത്രത്തിന്റെ രചന നിർവഹിച്ചത് കെ.ആർ.സുനിലാണ്. രശ്മി മിത്ര സംവിധാനം ചെയ്ത 'ബരോബാബു", സൗകര്യ ഘോസൽ സംവിധാനം ചെയ്ത 'പൊഖിരാജെർ ഡിം" എന്നീ ബംഗാളി ചിത്രങ്ങളും ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.