പത്തനംതിട്ട ജില്ലയിൽ ഇനി വനിതാ ഭരണം

Friday 07 November 2025 1:03 AM IST

പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിലെ വനിതാ സംവരണ അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള നറുക്കെടുപ്പ് കഴിഞ്ഞപ്പോൾ പത്തനംതിട്ട ജില്ലയിൽ പെൺപെരുമ. ജില്ലാ പഞ്ചായത്തും അടൂർ, പത്തനംതിട്ട, പന്തളം, തിരുവല്ല നഗരസഭകളും ഇനി വനിതകളാകും ഭരിക്കുക. ഇത് അപൂർവ ചരിത്രമാണ്. നിലവിൽ തിരുവല്ല ഒഴികെ പൊതുവിഭാഗത്തിലാണ്. അവ വനിതാ സംവരണം ആയതു കൂടാതെ പട്ടികജാതി വനിതാ സംവരണമായിരുന്ന തിരുവല്ല നഗരസഭ വനിതാ പൊതു വിഭാഗത്തിലുമായി.

അദ്ധ്യക്ഷക്കസേരയിൽ കണ്ണുനട്ട് കരുനീക്കിയ പുരുഷ നേതാക്കൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റോ നഗരസഭാ ചെയർപേഴ്സണോ ആകാൻ കഴിയില്ല. ഇതോടെ പലരും കളംവിട്ടു. സ്ഥാനാർത്ഥിയാകാൻ ലക്ഷ്യമിടുന്ന വനിതകൾക്ക് ഇതോടെ അദ്ധ്യക്ഷ പദവിയിലേക്കും നോട്ടമായി. മത്സരിക്കാൻ ഇല്ലെന്ന് പറഞ്ഞൊഴിഞ്ഞ വനിതകളിൽ പലരും രംഗത്തെത്തി.

നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പൊതുവിഭാഗത്തിനായിരുന്നെങ്കിലും ഒരു വർഷം വനിത ഭരിച്ചു. പന്തളം നഗരസഭയിലും നാലര വർഷം വനിത അദ്ധ്യക്ഷയായിരുന്നു. അടൂർ നഗരസഭയും ഒരു വർഷം വനിത ഭരിച്ചു.