ബ്രൂവറി സമരം: പ്രവേശനം തടയുന്നതെന്തിനെന്ന് കോടതി
Friday 07 November 2025 1:07 AM IST
കൊച്ചി: പാലക്കാട് എലപ്പുള്ളിയിലെ ബ്രൂവറിക്കെതിരായ പ്രതിഷേധത്തിൽ കമ്പനിയുടെ സ്വകാര്യ സ്ഥലത്തേക്കുള്ള പ്രവേശനം സമരക്കാർ തടയുന്നതെന്തിനെന്ന് ഹൈക്കോടതി. പൊലീസ് സംരക്ഷണം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒയാസിസ് കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് ബസന്ത് ബാലാജിയുടെ വാക്കാലുള്ള പ്രതികരണം. ഹർജി വാദത്തിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റി.
കമ്പനി പ്രവർത്തനത്തിന് സർക്കാർ പ്രാഥമികാനുമതി നൽകിയ സാഹചര്യത്തിൽ നിലമൊരുക്കാനാണ് ജോലിക്കാർ പ്രവേശിക്കുന്നതെന്ന് ഹർജിക്കാർ വിശദീകരിച്ചു. നിർമ്മാണങ്ങൾ നടത്തുമെന്ന പേരിൽ പ്രവേശനം തടയാനാവില്ലെന്ന് കോടതിയും പറഞ്ഞു.