വർക്കല ട്രെയിൻ അക്രമം; മുഖ്യസാക്ഷിയെ തേടി റെയിൽവേ പൊലീസ്
തിരുവനന്തപുരം:വർക്കലയിൽ ട്രെയിനിൽ നിന്ന് പെൺകുട്ടിയെ ചവിട്ടി തള്ളിയിട്ട കേസിലെ മുഖ്യ സാക്ഷിയെ തേടി റെയിൽവേ പൊലീസ്. പരിക്കേറ്റ ശ്രീക്കുട്ടിയുടെ സുഹൃത്തായ പെൺകുട്ടിയെ രക്ഷിക്കുകയും അക്രമി സുരേഷിനെ കീഴടക്കുകയും ചെയ്ത ചുവന്ന ഷർട്ട് ധരിച്ച യുവാവിനെ കണ്ടെത്താനാണ് ശ്രമം.സി.സി.ടിവിയിൽ നിന്നാണ് ഇയാളുടെ ദൃശ്യം അന്വേഷണ സംഘത്തിന് ലഭിച്ചത്. പുകവലിക്കുന്നത് ചോദ്യം ചെയ്തിന്റെ പേരിലാണ് കഴിഞ്ഞ ഞായറാഴ്ച കേരള എക്സ്പ്രസിലെ ജനറൽ കംപാർട്ട്‌മെന്റിന്റെ വാതിലിന് സമീപം സുഹൃത്തിനൊപ്പമിരുന്ന ശ്രീക്കുട്ടിയെ പ്രതി സുരേഷ് കുമാർ ട്രെയിനിൽ നിന്ന് ചവിട്ടി തള്ളിയിട്ടത്. ഒപ്പമുണ്ടായിരുന്ന അർച്ചനയെയും തള്ളിയിടാൻ ശ്രമിച്ചു. അർച്ചനയുടെ ബഹളം കേട്ട് ചുവന്ന ഷർട്ട് ധരിച്ചയാളാണ് ആദ്യം ഓടിയെത്തിയത്. അർച്ചനയെ രക്ഷിച്ചശേഷം പ്രതിയെയും കീഴടക്കി. ഈ രക്ഷകനെ പിന്നീട് ട്രെയിനിൽ ആരും കണ്ടില്ല. സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചപ്പോഴാണ് സ്വന്തം ജീവൻ പണയം വച്ച് രക്ഷാപ്രവർത്തനം നടത്തിയാളെ ശ്രദ്ധയിൽപ്പെട്ടത്. കൊച്ചവേളി റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി പരിശോധിച്ചെങ്കിലും ചുവന്ന ഷർട്ടുകാരനെ കണ്ടില്ല. ഇദ്ദേഹത്തെ അറിയാവുന്നവർ റെയിൽവേ പൊലീസിനെ അറിയിക്കണമെന്നാണ് ആവശ്യം. ഇദ്ദേഹത്തെ ആദരിക്കാനും പൊലീസിന് പദ്ധതിയുണ്ട്. സുരേഷ് കുമാർ ട്രെയിനിൽ കയറുന്നതിന് മുമ്പ് അമിതമായി മദ്യപിച്ചതിന്റെ തെളിവ് പൊലീസിന് ലഭിച്ചു. കോട്ടയം റെയിൽവേ സ്റ്റേഷനിന് സമീപത്തുള്ള ബാറിൽ നിന്നാണ് മദ്യപിച്ചത്. പ്രതിയുടെ തിരിച്ചറിയൽ പരേഡ് ജയിലിൽ നടത്താനായി മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ് അപേക്ഷ നൽകി. ഇതിന് ശേഷമാകും തെളിവെടുപ്പിനും കൂടുതൽ ചോദ്യം ചെയ്യലിനുമായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുക.യാത്രക്കാരുടെ സുരക്ഷയ്‌ക്കായി കേരള റെയിൽവേ പൊലീസ് പരിശോധന പദ്ധതി തുടങ്ങി. സ്റ്റേഷനുകളിലും പരിസരങ്ങളിലും ട്രെയിനുകളിലും ആൽക്കോമീറ്റർ ഉപയോഗിച്ച് പരിശോധിക്കും. മദ്യപിച്ച് പ്ലാറ്റ്ഫോമുകളിലും ട്രെയിനുകളിലും പ്രവേശിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് റെയിൽവേ പൊലീസ് സൂപ്രണ്ട് ഷഹൻഷാ അറിയിച്ചു.
ശ്രീക്കുട്ടിയുടെ
നിലയിൽ മാറ്റമില്ല
ട്രെയിനിൽ അക്രമി ചവിട്ടി തള്ളിയിട്ട ശ്രീക്കുട്ടിയുടെ നിലമാറ്റമില്ലാതെ തുടരുന്നു. തുടർച്ചയായി സി.ടി സ്‌കാനിംഗിന് വിധേയമാക്കി. സ്ഥിതി വഷളായിട്ടില്ല. പ്രതീക്ഷിച്ച ഉണർവ് ഉണ്ടാകുന്നില്ലെന്ന് സൂപ്രണ്ട് ഡോ.ജയചന്ദ്രൻ പറഞ്ഞു.രക്തക്കുഴലുകളിൽ തടസമുണ്ടോയെന്നറിയാൻ സി.ടി ആൻജിയോഗ്രാം കൂടി നടത്താൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചു. ഇന്നലെ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കിരണിന്റെ നേതൃത്വത്തിൽ സർജറി, ന്യൂറോ മെഡിസിൻ, ന്യൂറോ സർജറി, ക്രിട്ടിക്കൽ കെയർ, ഇ.എൻ.ടി,ഓർത്തോ വിഭാഗങ്ങളിലെ ഡോക്ടർമാർ ശ്രീക്കുട്ടിയുടെ ആരോഗ്യനില വിലയിരുത്തി.