93-ാമത് ശിവഗിരി തീർത്ഥാടനം: സാഹിത്യ മത്സരങ്ങൾ

Friday 07 November 2025 1:20 AM IST

ശിവഗിരി : 93-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി എൽ.പി, യു.പി, എച്ച്. എസ്, പ്ലസ്ടു, കോളേജ്, പൊതുവിഭാഗങ്ങൾക്കായി ശ്രീനാരായണ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പ്രസംഗം (മലയാളം, ഇംഗ്ലീഷ്), പദ്യം ചൊല്ലൽ, ഉപന്യാസരചന (മലയാളം), ആത്മോപദേശശതകാലാപനം, ശിവശതകാലാപനം ഇനങ്ങളിലാണ് മത്സരങ്ങൾ. നവംബർ 29, 30 തീയതികളിൽ അരുവിപ്പുറം ക്ഷേത്രം, ചെമ്പഴന്തി ഗുരുകുലം, ശിവഗിരി മഠം, കുറിച്ചി അദ്വൈതവിദ്യാശ്രമം, ചേർത്തല വിശ്വഗാജി മഠം, ആലുവ അദ്വൈതാശ്രമം, തൃശൂർ കൂർക്കഞ്ചേരി ക്ഷേത്രം, കണ്ണൂർ സുന്ദരേശ്വര ക്ഷേത്രം എന്നിവിടങ്ങളിൽ പ്രാഥമികതല മത്സരങ്ങൾ നടക്കും. പ്രാഥമികതലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്കായി സംസ്ഥാനതല ഫൈനൽ മത്സരങ്ങൾ ഡിസംബർ 26,27,28 തീയതികളിൽ ശിവഗിരിയിൽ നടത്തും. ആത്മോപദേശശതകാലാപനം, ശിവശതകാലാപനം എന്നിവയ്ക്ക് പ്രാഥമികതല മത്സരങ്ങൾ ഇല്ല. ഈ ഇനങ്ങളിൽ വിഭാഗഭേദമില്ലാതെ എല്ലാവർക്കും പങ്കെടുക്കാം. മത്സരങ്ങളുടെ രീതിയും സമയവും സംഘാടകസമിതി നിശ്ചയിക്കും. ഇവയിൽ മുൻവർഷം ഒന്നാംസ്ഥാനം നേടിയവരെ പങ്കെടുപ്പിക്കില്ല.

പ്രാഥമികതല മത്സരങ്ങൾ: നവംബർ 29ന് രാവിലെ 9 മണി മുതൽ പദ്യം ചൊല്ലൽ- എൽ.പി വിഭാഗം : ജാതിലക്ഷണം (10 ശ്ലോകങ്ങൾ), യു. പി. വിഭാഗം : ഈശാവാസ്യോപനിഷത്ത് തർജ്ജമ (ആദ്യത്തെ10 ശ്ലോകങ്ങൾ), എച്ച്. എസ് വിഭാഗം : കോലതീരേശസ്തവം (ആദ്യത്തെ 5 ശ്ലോകങ്ങൾ), പ്ലസ് ടു വിഭാഗം : ഷണ്മുഖസ്തോത്രം (ആദ്യത്തെ 5 ശ്ലോകങ്ങൾ), കോളേജ് വിഭാഗം : അർദ്ധനാരീശ്വരസ്തവം, പൊതു വിഭാഗം : സുബ്രഹ്മണ്യകീർത്തനം (ആദ്യത്തെ 5 ശ്ലോകങ്ങൾ).

9 മണിക്ക് മുമ്പുതന്നെ മത്സരാർത്ഥികൾ എത്തിച്ചേരണം. ഉച്ചയ്ക്ക് 1.30 ന് ഉപന്യാസരചന, (എച്ച്.എസ്, പ്ലസ്ടു, കോളേജ്, പൊതുവിഭാഗം). മത്സരം തുടങ്ങുന്നതിന് 15 മിനിട്ട് മുമ്പ് വിഷയം നല്‍കും. ഒരുമണിക്കൂറാണ് മത്സരസമയം. 30 ന് രാവിലെ 9 മണി - പ്രസംഗം (മലയാളം, ഇംഗ്ലീഷ്), എൽ. പി. വിഭാഗം : ഗുരു എന്നെ പഠിപ്പിച്ചത് യു. പി. വിഭാഗം : ഗുരുവിന്റെ മാനവികത.പ്രസംഗം (ഇംഗ്ലീഷ്)- എൽ. പി. വിഭാഗം : Guru - The Prophet of Love യു. പി. വിഭാഗം : The Relevance of Guru’s preaching's in Modern Era. മറ്റ് വിഭാഗങ്ങൾക്ക് മത്സരത്തിന് 5 മിനിട്ട് മുമ്പ് വിഷയം നല്‍കും.

കൂടുതൽ വിവരങ്ങൾക്ക് : സംഘാടകസമിതി ചെയർമാൻ ഡോ. അജയൻ പനയറ ഫോൺ: 9447033466.