ഗുരുദേവനെ നെഞ്ചേറ്റിയ ശ്യാമപ്രകാശ് നാണു വൈദ്യൻ
ശ്രീനാരായണ ഗുരുവിനെ നെഞ്ചേറ്റിയ, മെക്കാനിക്കൽ - നിർമ്മാണ മേഖലയിലെ അതികായനായിരുന്നു അന്തരിച്ച ശ്യാമപ്രകാശ് നാണു വൈദ്യൻ. ഗുരുവിൽ വിശ്വാസമർപ്പിച്ച് ഗുരുദേവ സ്ഥാപനങ്ങളുടെയും മന്ദിരങ്ങളുടെയും സംഘടനകളുടെയും വളർച്ചയ്‌ക്ക് പിന്തുണ നൽകിയ ഗുരുഭക്തൻ.
ഗുജറാത്തിലെ സൂററ്റ്, ബറോഡ ഗുരുമന്ദിരങ്ങൾ, അഹമ്മദാബാദിലെയും മുംബയിലെയും ശ്രീനാരായണ കൾച്ചറൽ മിഷന്റെയും ശ്രീനാരായണ മന്ദിര സമിതി, കായകുളം കണ്ടല്ലൂർ എസ്.എൻ.ഡി.പി യോഗം ശാഖ, എറണാകുളം വൈറ്റില പൊന്നുരുന്നി ഗുരുദേവ ക്ഷേത്രം, കടവന്ത്ര ഗുരുദേവ ക്ഷേത്രം, ശിവഗിരിയിലെയും ആലുവ ആശ്രമത്തിലെയും മഹാഗുരുപൂജാ അന്നദാനം തുടങ്ങിയവയ്‌ക്ക് ഉൾപ്പെടെ അകമഴിഞ്ഞ പിന്തുണ നൽകിയിരുന്നു.
25 വർഷം മുമ്പ് മുംബയ് നെറോളിലെ അന്താരാഷ്ട്ര ശ്രീനാരായണ പഠനകേന്ദ്രം പണിയാൻ സംഭാവന നൽകിയ ശേഷം വ്യവസായ മേഖലയിലുണ്ടായ വൻവളർച്ച അദ്ദേഹം എപ്പോഴും ചൂണ്ടിക്കാട്ടിയിരുന്നു.ആലുവ അദ്വൈതാശ്രമത്തിൽ പുതിയ അന്നദാന ഗുരുപൂജാ ഹാളും ഗുരുദേവൻ ധ്യാനമിരുന്ന തോട്ടുമുഖം വാത്‌മീകി കുന്നിൽ അന്താരാഷ്ട്ര സർവ്വമതപഠന കേന്ദ്രവും പണിയാനുള്ള രൂപരേഖയും തയാറാക്കിയിരുന്നു.
കായകുളം കണ്ടല്ലൂർ കണ്ടത്തിച്ചിറ പുതുവൽ പുത്തൻവീട്ടിൽ ഗുരുഭക്തനും പ്രമുഖ ആയുർവേദ ചികിത്സകനുമായ നാണുവൈദ്യന്റെയും ലക്ഷ്മിക്കുട്ടിയുടെയും ആറ് മക്കളിൽ മൂന്നാമനാണ് . 1980കളിൽ സൂറത്തിൽ മെക്കാനിക്കൽ, എൻജിനിയറിംഗ് മേഖലയിലെ കോൺട്രാക്റ്റിംഗ് വർക്കുകൾ ഏറ്റെടുത്ത് നിയോ സ്ട്രക്‌റ്റോ കമ്പനി സ്ഥാപിച്ചു. പിന്നീട് പവർ, ഓയിൽ ആൻഡ് ഗ്യാസ് പ്ലാന്റുകളുടെ നിർമ്മാണ മേഖലയിലേക്ക് കടന്നു. റിഫൈനറികൾ, പെട്രോകെമിക്കൽസ്, ഫെർട്ടിലൈസറുകൾ, സ്റ്റീൽ ആൻഡ് മെറ്റലർജിക്കൽ, കെമിക്കൽ, ഓയിൽ ആൻഡ് ഗ്യാസ്, പവർ, ക്രയോജനിക്, പോർട്ട് ആൻഡ് മെറ്റീരിയൽ ഹാൻഡ്‌ലിംഗ്
എന്നിവയുടെ നിർമ്മാണത്തിൽ വൈദഗ്ദ്ധ്യം നേടി.ഫാബ്രിക്കേഷൻ, റിഫോർമറുകൾ, ഹീറ്ററുകൾ, ടാങ്കുകൾ എന്നിവയുടെ നിർമ്മാണം, ഹെവി സ്റ്റാറ്റിക് ആൻഡ് റോട്ടറി ഉപകരണങ്ങൾ സ്ഥാപിക്കൽ, പൈപ്പിംഗ് ആൻഡ് ഘടനകൾ, പ്ലാന്റ് ഷട്ട് ഡൗൺ ആൻഡ് നവീകരണ ജോലികൾ തുടങ്ങിയവ കമ്പനി നിർവഹിക്കുന്നുണ്ട്.
അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും അർപ്പണ മനോഭാവവും നിയോ സ്ട്രക്‌റ്റോയെ ഇന്ത്യൻ നിർമ്മാണ വ്യവസായത്തിലെ ഏറ്റവും വിശ്വസനീയമായ മെക്കാനിക്കൽ സേവന ദാതാക്കളിൽ ഒന്നാക്കി മാറ്റി. ലോകത്തെ ഏറ്റവും വലിയതും വിലയുള്ളതുമായ ഇറ്റാലിയൻ ക്രെയിനുകൾ ഇന്ത്യയിലെത്തിച്ച്, പല വലിയ കമ്പനികൾക്കും വാടകയ്ക്ക് നല്കിയിരുന്നത് നിയോ സ്ട്രക്‌റ്റോയാണ്.
ശ്യാമ ഡയനാമിക്
ഗ്രൂപ്പ് ഒഫ് കമ്പനീസ്
ശ്യാമപ്രകാശ് ചെയർമാനായി മൂത്തസഹോദരൻ സുരേന്ദ്രനെയും ഇളയ സഹോദരൻ സുശീലനെയും അവരുടെ മക്കളെയും ചേർത്ത് 2012ൽ ആരംഭം കുറിച്ചതാണ് കൊച്ചി ആസ്ഥാനമായുള്ള ശ്യാമ ഡയനാമിക് ഗ്രൂപ്പ് ഒഫ് കമ്പനീസ്.
-സജീവ് നാണു സി.ഇ.ഒ എസ്.എൻ.ജി ലോജിസ്റ്റിക്‌സ് കൊച്ചി