ശബരിമല സ്വർണക്കൊള്ള; അറസ്റ്റിലായ മുൻ തിരുവാഭരണ കമ്മിഷണറെ ഇന്ന് കോടതിയിൽ ഹാജരാക്കും
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം മുൻ തിരുവാഭരണ കമ്മിഷണർ കെ എസ് ബൈജുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഉച്ചയോടെ റാന്നി മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. ഇന്നലെ രാത്രിയാണ് ബൈജുവിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.
2019 ജൂലായ് പത്തൊൻപതിന് സ്വർണപ്പാളി അഴിച്ചുമാറ്റുമ്പോൾ ബൈജു സന്നിധാനത്ത് ഉണ്ടായിരുന്നില്ല. സ്വർണത്തിന്റെ അളവും തൂക്കവും രേഖപ്പെടുത്താൻ തട്ടാനെ എത്തിച്ചുമില്ല. മുഖ്യപ്രതികളുടെ ആസൂത്രണത്തിൽ മനഃപൂർവം വിട്ടുനിന്നെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്.
കേസിൽ ഏഴാം പ്രതിയാണ് കൊല്ലം ചവറ സ്വദേശിയായ ബൈജു. സ്വർണക്കൊള്ള കേസിലെ നാലാമത്തെ അറസ്റ്റാണിത്. ശ്രീകാര്യം പാങ്ങാപ്പാറയിലെ ഫ്ളാറ്റിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബൈജുവിനെ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യംചെയ്തിരുന്നു. പിന്നാലെയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ദേവസ്വം ബോർഡിൽ സ്വർണം അടക്കമുള്ള അമൂല്യ വസ്തുക്കളുടെ പൂർണ ഉത്തരവാദിത്വം തിരുവാഭരണ കമ്മിഷണർക്കാണ്.
കേസിൽ ശബരിമലയിലെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാർ, ഉണ്ണിക്കൃഷ്ണൻ പോറ്റി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുരാരി ബാബുവിന്റെയും സുധീഷ് കുമാറിന്റെയും കസ്റ്റഡി അപേക്ഷ റാന്നി കോടതി ഇന്ന് പരിഗണിക്കും. ഇവരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം.