പുതിയ മാറ്റം നിങ്ങളറിഞ്ഞോ? സോളാർ വയ്ക്കാൻ ആഗ്രഹിക്കുന്നവരും ഉപഭോക്താക്കളും നിർബന്ധമായും അറിയേണ്ടത്

Friday 07 November 2025 10:32 AM IST

തിരുവനന്തപുരം: സോളാർ ഉപഭോക്താക്കൾക്ക് ബാറ്ററി സ്റ്റോറേജ് നിർബന്ധമാക്കിക്കൊണ്ടുള്ള പുതിയ ചട്ടങ്ങൾ ഇന്നലെ സംസ്ഥാനത്ത് നിലവിൽ വന്നു. ചട്ടങ്ങളുടെ കാലാവധി 2030 വരെയാണ്. ഇതനുസരിച്ചുള്ള പുതിയ ബില്ലിംഗ് 2026 ജനുവരി ഒന്നിന് നിലവിൽവരും.

ഈ വർഷം മേയ് 30ന് പ്രസിദ്ധീകരിച്ച കരടിൻമേൽ തെളിവെടുപ്പ് നടത്തിയാണ് ഇന്നലെ മുതൽ പുതിയ ചട്ടം പ്രാബല്യത്തിലാക്കിയത്. ബാറ്ററിക്ക് പുറമെ വെർച്ച്വൽ നെറ്റ് മീറ്ററിംഗ്, ഗ്രൂപ്പ് നെറ്റ് മീറ്ററിംഗ്, ഗ്രോസ് മീറ്ററിംഗ്, വെഹിക്കിൾ ടു ഗ്രിഡ്, ബിഹൈൻഡ് ദ് മീറ്റർ എന്നീ പുതിയ സംവിധാനങ്ങൾ റഗുലേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

2027ഏപ്രിൽ ഒന്നുമുതൽ പുതിയ നിലയങ്ങൾക്ക് അഞ്ച് കിലോവാട്ടിന് മുകളിൽ ബാറ്ററി സ്റ്റോറേജ് വേണ്ടിവരും. ബാറ്ററി സ്റ്റോറേജിൽ നിന്ന് രാത്രികാലത്ത് ഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതിക്ക് യൂണിറ്റിന് 7.50 രൂപയും വൈദ്യുതിവാഹനത്തിൽ നിന്നുള്ള വൈദ്യുതിക്ക് 10 രൂപയുമാണ് ലഭിക്കുക.

വൈദ്യുതി ബാങ്കിൽ സൂക്ഷിക്കുന്ന സോളാർ വൈദ്യുതി ഏപ്രിൽ ഒന്നിന് സെറ്റിൽ ചെയ്യും. അധികമുള്ള വൈദ്യുതിക്ക് യൂണിറ്റിന് 3.08 നിരക്കിൽ നിലവിലുള്ള പ്രോസൂമേഴ്സിനും 2.79 രൂപ നിരക്കിൽ പുതിയ പ്രോസ്യൂമേഴ്സിനും ലഭിക്കും.നേരത്തെ ഒക്ടോബറിൽ സെറ്റിൽ ചെയ്തിരുന്നതിനാൽ ഏപ്രിൽ,മേയ് മാസങ്ങളിൽ വേനൽക്കാലത്ത് ഉപയോഗിക്കാമായിരുന്നു. ഏപ്രിലിൽ ബാങ്കിലെ വൈദ്യുതി സെറ്റിൽ ചെയ്യുന്നതിനാൽ അത്തരം പ്രയോജനം കിട്ടില്ല.