നൂറ് കോടിയോളം രൂപയുടെ ക്രമക്കേട്, നേമം സഹകരണ ബാങ്കിൽ റെയ്‌ഡ് നടത്തി ഇഡി
തിരുവനന്തപുരം: നൂറ് കോടിയ്‌ക്കടുത്ത് രൂപയുടെ വമ്പൻ സാമ്പത്തിക ക്രമക്കേട് നടന്ന നേമം സർവീസ് സഹകരണ ബാങ്കിൽ റെയ്‌ഡ് നടത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). കൊച്ചിയിൽ നിന്നുള്ള ഇഡി സംഘമാണ് ബാങ്കിൽ പരിശോധന നടത്തുന്നത്. 1200ഓളം നിക്ഷേപകർ ചേർന്ന് 112 കോടി രൂപയാണ് ബാങ്കിൽ നിക്ഷേപിച്ചിരുന്നത്. ഇതിൽ 96 കോടി രൂപയുടെ ക്രമക്കേട് നടന്നെന്നാണ് നേരത്തെ കണ്ടെത്തിയത്. തട്ടിപ്പ് വാർത്ത പുറത്തുവന്നതിന് പിന്നാലെ സിപിഎം ഭരണത്തിലുള്ള ബാങ്ക് ഭരണസമിതിയിലെ മുൻ പ്രസിഡന്റും സെക്രട്ടറിയുമടക്കം അറസ്റ്റിലായിരുന്നു. സിപിഎം ഏരിയ കമ്മിറ്റി അംഗവും ബാങ്ക് മുൻ പ്രസിഡന്റുമായ ആർ പ്രദീപ് കുമാർ, മുൻ സെക്രട്ടറി ബാലചന്ദ്രൻ നായർ എന്നിവരാണ് അറസ്റ്റിലായിരുന്നത്.
ബാലചന്ദ്രൻ നായർ 20.76 കോടിയുടെയും പ്രദീപ് കുമാർ മൂന്ന് കോടി രൂപയുടെയും തട്ടിപ്പ് നടത്തി. 32 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മുൻ സെക്രട്ടറി എ.ആർ.രാജേന്ദ്രകുമാർ, 10.41 കോടി രൂപയുടെ ക്രമക്കേട് നടത്തിയ എസ്.എസ്.സന്ധ്യ എന്നിവരെ പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. പത്ത് വർഷക്കാലത്തെ ഭരണസമിതി അംഗങ്ങൾ ഓരോരുത്തരും ബാങ്കിന് നഷ്‌ടം വരുത്തിയതിന്റെ കണക്കുകളും പുറത്തുവന്നിരുന്നു.
96 കോടിരൂപ തട്ടിപ്പിൽ 34.26 കോടി രൂപ ലോൺ നൽകിയ വകയിൽ ബാങ്കിന് തിരികെകിട്ടാനുണ്ട്. 15.55 കോടി രൂപയ്‌ക്ക് മാത്രമേ ഇതിൽ ബാങ്കിൽ ഈടായി രേഖയും സമർപ്പിച്ചിട്ടുള്ളൂ എന്ന് സർക്കാർ നിയോഗിച്ച സമിതി കണ്ടെത്തി. പ്രതിമാസ നിക്ഷേപപദ്ധതിയിൽ 10.73 കോടി രൂപയാണ് കിട്ടാനുള്ളത് ഇതിൽ 4.83 രൂപയ്‌ക്കേ രേഖയുള്ളൂ. ഇതിനിടെ 60 ലക്ഷത്തിൽ പരം രൂപ പിരിഞ്ഞുകിട്ടിയിട്ടും,നിക്ഷേപകർക്ക് പണം മടക്കിനൽകാത്തതിൽ പ്രതിഷേധിച്ച് ദിവസങ്ങൾക്ക് മുൻപ് അഡ്മിനിസ്‌ട്രേറ്ററെ തടഞ്ഞുവച്ച സംഭവം ബാങ്കിലുണ്ടായി.
വൻ പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും നിക്ഷേപകർ പിന്മാറിയില്ല.ജോയിന്റ് രജിസ്ട്രാർ എത്തിയാൽ മാത്രമെ ഉപരോധം അവസാനിപ്പിക്കൂവെന്ന് നിക്ഷേപകർ നിലപാടെടുത്തതോടെ പൊലീസ് ജോയിന്റ് രജിസ്ട്രാറുമായി ഫോണിൽ സംസാരിച്ചു. പിരിഞ്ഞുകിട്ടുന്ന പണം മുൻഗണനാ ക്രമത്തിൽ വിതരണം ചെയ്യുമെന്ന് ജോയിന്റ് രജിസ്‌ട്രാർ ഉറപ്പുനൽകിയതോടെയാണ് അന്ന് ഉപരോധം അവസാനിപ്പിച്ചത്.