240 കോടി രൂപ എങ്ങനെ ചെലവിടും? ആരുമെടുക്കാത്ത തീരുമാനം, ഇന്ത്യൻ പ്രവാസിക്ക് ജനങ്ങളുടെ കയ്യടി
അബുദാബി: യുഎഇയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയായ 100 ദശലക്ഷം ദിർഹം (240 കോടി രൂപ) സ്വന്തമാക്കിയ ആന്ധ്രാപ്രദേശ് സ്വദേശി അനിൽകുമാർ ബൊള്ളയുടെ പ്രതികരണം ശ്രദ്ധേയമാകുന്നു. ഇത്രയും വലിയ സമ്മാനത്തുക ലഭിച്ചിട്ടും താൻ ഇനിയും ജോലിയിൽ തുടരുമെന്നാണ് 29കാരനായ അനിൽ പറഞ്ഞിരിക്കുന്നത്. യുഎഇ തന്റെ രണ്ടാമത്തെ വീടാണെന്ന് പറഞ്ഞ അദ്ദേഹം കുറഞ്ഞത് പത്ത് വർഷമെങ്കിലും ഇവിടെ തുടരുമെന്നും അറിയിച്ചു.
നിലവിൽ ജോലിയിൽ തുടരാനാണ് താൻ ആഗ്രഹിക്കുന്നത്. ഈ വിജയം ഭാവി ആവശ്യങ്ങൾക്കായി ശ്രദ്ധയോടെ നിക്ഷേപിക്കാനും ആസൂത്രണം ചെയ്യാനുമുള്ള അവസരം നൽകുന്നുവെന്നും അനിൽകുമാർ പറഞ്ഞു. തെലങ്കാനയിൽ നിന്ന് ഒന്നര വർഷം മുമ്പ് അബുദാബിയിലെത്തിയ ഇദ്ദേഹം കുടുംബത്തെ സഹായിക്കാനും അവർക്കായി നല്ലഭാവി കെട്ടിപ്പടുക്കാനുമാണ് ആഗ്രഹിക്കുന്നത്. 'എന്റെ മാതാപിതാക്കൾക്ക് ചെറിയ സ്വപ്‌നങ്ങളേയുള്ളു. എത്രയും പെട്ടെന്ന് അച്ഛനമ്മമാരെയും സഹോദരനെയും ഞാൻ യുഎഇയിലേക്ക് കൊണ്ടുവരും. യുഎഇ വളരെ സുരക്ഷിതമാണ്. ഇവിടെ എന്റെ ജീവിതം കെട്ടിപ്പടുക്കുന്നതിൽ ഞാൻ സന്തുഷ്‌ടനാണ്' - അനിൽകുമാർ പറഞ്ഞു.
സമ്മാനവിവരം അധികൃതർ അറിയിച്ചതുമുതൽ ഉറക്കമില്ലാത്ത രാത്രികളിലൂടെയാണ് കടന്നുപോയതെന്നും ഇത്രയും വലിയ തുക തന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിക്കുമെന്നും അനിൽകുമാർ പറഞ്ഞു. 'എങ്ങനെ വിവേകത്തോടെ പണം നിക്ഷേപിക്കാമെന്ന് സമയമെടുത്ത് ആസൂത്രണം ചെയ്യും. അമ്മയുടെ ജന്മദിനം വന്ന 11-ാം മാസം ഉൾപ്പെടുത്തിയാണ് ടിക്കറ്റ് നമ്പർ തിരഞ്ഞെടുത്തത്. ഇത് വലിയ വിജയത്തിന്റെ താക്കോലായി മാറുമെന്ന് കരുതിയിരുന്നില്ല. പുതിയ തുടക്കങ്ങളുടെയും പ്രതീക്ഷയുടെയും ഉത്സവമായ ദീപാവലിക്ക് തൊട്ടുമുമ്പുള്ള ദിവസമാണ് ഈ വിജയം എന്നെ തേടിയെത്തിയത്. ഇത് അസാധാരണമായ ഒരനുഗ്രഹമായി തോന്നുന്നു. സ്വപ്‌നങ്ങൾ ഒരുനാൾ സത്യമാകുമെന്ന് മറ്റുള്ളവരെ ഓർമിപ്പിക്കാൻ എന്റെ കഥ സഹായിക്കും'- അനിൽകുമാർ പറഞ്ഞു.