പതിമൂന്നിന് സമ്പൂർണ പണിമുടക്കുമായി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ; അത്യാഹിത വിഭാഗങ്ങൾ മാത്രം പ്രവർത്തിക്കും

Friday 07 November 2025 11:38 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം പതിമൂന്നിന് സമ്പൂർണ പണിമുടക്കിന് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ. ശമ്പള പരിഷ്‌കരണം അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) പണിമുടക്കിനൊരുങ്ങുന്നത്.

അന്ന് അത്യാഹിത സേവനങ്ങൾ ഒഴികെയുശള്ള എല്ലാ പ്രവർത്തനങ്ങളിൽ നിന്നും ഡോക്ടർമാർ വിട്ടുനിൽക്കും. നേരത്തെ ഡോക്ടർമാർ ഒപി ബഹിഷ്‌കരിക്കുകയും മറ്റും ചെയ്‌തിരുന്നു. പല തവണ പ്രതിഷേധം അറിയിച്ചിട്ടും സർക്കാർ ചർച്ചയ്ക്ക് പോലും തയ്യാറാകാത്തതിനെത്തുടർന്നാണ് സമരം കടുപ്പിക്കാൻ സംഘടന തീരുമാനിച്ചത്.

പുതുതായി ആരംഭിച്ച മെഡിക്കൽ കോളേജുകളിൽ സൂപ്പർ സ്‌പെഷ്യാലിറ്റി തസ്തികകൾ സൃഷ്ടിച്ചതുകൊണ്ടുമാത്രം കാര്യമില്ല. പലയിടങ്ങളിലും അടിസ്ഥാന തസ്തികകൾ പോലും ഇല്ല. ഇത് ഡോക്ടർമാർക്ക് ജോലി ഭാരം കൂട്ടുന്നുണ്ടെന്നും സംഘടന വ്യക്തമാക്കി.