കാത്തിരുന്ന കനി
ചിലപ്പോൾ ചിലങ്കയുടെ ശബ്ദം. അല്ലെങ്കിൽ ഇരച്ചുകയറി എത്തുന്ന ഭയത്തിനൊപ്പം . പ്രണവ് മോഹൻലാൽ നായകനായി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത 'ഡീയസ് ഈറെ"യിൽ കനി എന്ന പേടിപ്പെടുത്തുന്ന കഥാപാത്രമായി എത്താൻ കഴിഞ്ഞതിന്റെ ആഹ്ളാദത്തിൽ കന്നട താരം സുഷ്മിത ഭട്ട് . സിനിമയിൽ 'റോഹൻ "എന്ന ഒരു വിളി മാത്രം ആണ്സംഭാഷണമെന്ന് പ്രേക്ഷകർ ഉറപ്പിക്കുമ്പോൾ കനി ആണ് ഡീയസ് ഈറെയുടെ ഭയത്തിൽ ഒന്ന്. മമ്മൂട്ടി നായകനായ ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്സിൽ നന്ദിതയായി മലയാളത്തിലേക്ക് വന്ന സുഷ്മിത ഭട്ട് രണ്ടാമത്തെ ചിത്രത്തിലും പ്രേക്ഷകരുടെ ഉള്ളിൽ കയറി. മലയാളത്തിൽ സജീവമാകാൻ ഒരുങ്ങുന്ന സുഷ്മിത ഭട്ട് സംസാരിച്ചു.
ബക്കറ്റ് ലിസ്റ്റ്
രാഹുൽ സദാശിവന്റെ ടീം പുതിയ ഹൊറർ സിനിമയിലെ കഥാപാത്രത്തിന് എന്നെ സമീപിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി. കാരണം, ഹൊറർ സിനിമ ചെയ്യുക എന്നത് എപ്പോഴും എന്റെ ബക്കറ്റ് ലിസ്റ്റിലുണ്ടായിരുന്ന കാര്യമാണ് . മാത്രമല്ല, ഹൊറർ സിനിമകൾ ചെയ്യുന്ന രാഹുൽ സാറിനൊപ്പം പ്രവർത്തിക്കാൻ സാധിക്കുന്നത് അതിലേറെ സന്തോഷം. കഥ വിശദീകരിച്ചപ്പോൾ തന്നെ വളരെ ചെറിയ കഥാപാത്രമാണെന്ന് പറഞ്ഞു. ആദ്യം അല്പം നിരാശ അനുഭവപ്പെട്ടു. കൂടുതൽ ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ എന്ന് തോന്നി. പക്ഷേ, ഒരു മികച്ച സംവിധായകന്റെ സിനിമയിൽ അഭിനയിക്കാനുള്ള അവസരം എപ്പോഴും ലഭിക്കില്ലല്ലോ. അതിനാൽ ചെറിയതോ വലുതോ എന്നു നോക്കാതെ ഡീയസ് ഈറെയുടെ ഭാഗമാകാൻ തീരുമാനിച്ചു. ഡൊമിനിക്കിലെ ക്ലാസിക്കൽ നൃത്ത രംഗം കണ്ടശേഷം രാഹുൽ എന്നെ കാസ്റ്റ് ചെയ്യുന്നത് എന്നതാണ് രസകരമായ കാര്യം. ഞാൻ ചെയ്ത രണ്ട് മലയാള ചിത്രങ്ങളിലെ കഥാപാത്രങ്ങളും നർത്തകിമാരാണ്. ഡീയസ് ഈറെയിൽ ഒരു ചെറിയ നൃത്ത രംഗം ഷൂട്ട് ചെയ്തു. എന്നാൽ അത് ഉൾപ്പെടുത്താൻ സാധിച്ചില്ലെന്ന് തോന്നുന്നു.
ടെക്കി പെണ്ണ്
പഠിച്ചത് എൻജിനീയറിംഗ്. ബംഗ്ളൂരുവിൽ ഐ.ടി കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്. സിനിമയും ജോലിയും ഒരുമിച്ചുകൊണ്ടുപോവാനാണ് തീരുമാനം. കൂടുതൽ അവസരം ലഭിച്ചാൽ സിനിമ തന്നെയാകും പ്രൊഫഷൻ. തമിഴിൽ വിക്രം പ്രഭുവിന്റെ നായികയായി ലൗ മാര്യേജ് സിനിമയിൽ അഭിനയിച്ചു. ഡൊമിനിക്കിനു മുൻപാണ് അഭിനയിച്ചതെങ്കിലും അടുത്തിടെയാണ് റിലീസ് ചെയ്തത്. ഇൻസ്റ്റഗ്രാമിൽ ഫോട്ടോ കണ്ട ലൗ മാര്യേജ് ടീം വിളിച്ചതാണ്. അവസാന നിമിഷം ആയിരുന്നു കാസ്റ്റിംഗ്. അടുത്തദിവസം മുതൽ അഭിനയിച്ചു.തെലുങ്ക് അരങ്ങേറ്റംഅടുത്ത വർഷം ഉണ്ടാകും. വലിയ ഒരു തെലുങ്ക് സിനിമയിൽ അഭിനയിക്കാൻ പോവുന്നു. രാധ രാമനം എന്ന ഹിന്ദി ചിത്രത്തിലും അഭിനയിച്ചു. പുതിയ ആളുകളാണ് നടീനടൻമാർ. ഹിന്ദി, ഗുജറാത്തി ചിത്രങ്ങൾ ഒരുക്കിയ ഹാർദിക് ഗജ്ജാർ ആണ് സംവിധാനം. ബോളിവുഡിൽ നല്ല ഒരു തുടക്കം കുറിക്കാൻ സാധിച്ചു എന്നാണ് കരുതുന്നത്. അപ്പയുടെ നാട് ഉഡുപ്പിആണ് . അമ്മയുടെ നാട് ചെന്നൈ. കാഴ്ചയിൽ തമിഴ് പെൺകുട്ടിയെ പോലെ എന്ന് പറയാറുണ്ട്. മലയാളിയെ പോലെ തോന്നുന്നു എന്ന് പറയുന്നവരുമുണ്ട്. കന്നടക്കാരി എന്നു മാത്രം ആരും പറയുന്നില്ല. ജനിച്ചതും ജീവിക്കുന്നതും ബംഗ്ളൂരു ആണ് .കന്നട പോലെ മറ്റു ഭാഷകളും അറിയാം.മലയാളം കേട്ടാൽമനസിലാകും. പക്ഷേ മിടുക്കായി സംസാരിക്കാൻ ഇപ്പോഴും പരിശ്രമം തുടരുകയാണ്. അതിന് കൂടുതൽ മലയാള സിനിമയിൽ അഭിനയിക്കാൻ കാത്തിരിക്കുന്നു . മലയാളം സിനിമകൾ കാണാറുണ്ട്.അങ്ങനെയും മലയാളം പഠിക്കാൻ കഴിയുമല്ലോ.