'ഇവരെങ്ങനെയാണ് ഒന്നിച്ച് ജീവിക്കുന്നത്, ബെഡ്റൂമിൽ എങ്ങനെയാണെന്നൊക്കെയായിരുന്നു അവർ ചിന്തിച്ചത്'

Friday 07 November 2025 12:43 PM IST

ബിഗ് ബോസ് സീസൺ അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമേയുള്ളൂ. ഇത്തവണ മത്സരാർത്ഥികളായി ലെസ്ബിയൻ കപ്പിളായ ആദിലയും നൂറയും ഉണ്ടായിരുന്നു. തുടക്കത്തിൽ ഒറ്റ മത്സരാർത്ഥിയായിട്ടായിരുന്നു ഇരുവരും. എന്നാൽ പിന്നീട് രണ്ട് മത്സരാർത്ഥികളാക്കുകയായിരുന്നു.

ഇന്നലെ നടന്ന എവിക്ഷനിൽ ആദില എവിക്ട് ആയി. നൂറ ഇപ്പോഴും ഹൗസിനുള്ളിൽ തുടരുകയാണ്. തൊണ്ണൂറ്‌ ദിവസത്തിലധികം ബിഗ് ബോസ് ഹൗസിൽ നിന്ന ശേഷമാണ് ആദില പുറത്തുപോയത്. ഇത്രയും ദിവസം ഷോയിൽ നിൽക്കാൻ പറ്റുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ആദില പ്രതികരിച്ചു. ഔട്ടായതിന് പിന്നാലെ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

ബിഗ് ബോസ് ഹൗസിൽ ഡ്രാമാ ക്യൂൻ അനുമോളാണെന്നും ഡ്രാമ കിംഗ് ഷാനവാസാണെന്നും ആദില അഭിപ്രായപ്പെട്ടു. തന്റെ അഭിപ്രായത്തിൽ അനുമോളായിരിക്കും ബിഗ് ബോസിൽ വിജയിക്കുകയെന്നും ആദില വ്യക്തമാക്കി.

'അനുവിന് പി ആർ ഉണ്ടെന്നാണ് എന്റെ അഭിപ്രായം. അതുകൊണ്ട് എനിക്ക് തോന്നുന്നു അനുവായിരിക്കും വിജയി എന്ന്. അത് ജനങ്ങളുടെ കൈയിലും പി ആറിന്റെ കൈയിലുമാണല്ലോ. അമ്പതിനായിരം കൊടുത്താൽ വോട്ട് വാങ്ങാമെന്ന് അനുമോൾ എന്നോട് പറഞ്ഞിരുന്നു.ഇനിയിപ്പോൾ വേണ്ട. ഉള്ളതുപോലെ വരട്ടെ'- ആദില വ്യക്തമാക്കി. ഷാനവാസ് രണ്ടാമതെത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ആദില പറഞ്ഞു. കോമണറായ അനീഷ് മൂന്നാമതും നൂറ നാലാമതും എത്തുമെന്നാണ് പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു.

ആളുകൾക്ക് തങ്ങളോടുള്ള മനോഭാവത്തിൽ മാറ്റമുണ്ടായെന്നാണ് കരുതുന്നതെന്നും ആദില വ്യക്തമാക്കി. 'ഞങ്ങൾക്ക് പറയാനുള്ളത് ഷോയിൽ പറഞ്ഞിട്ടുണ്ട്. ഇരുപത്തിനാല് മണിക്കൂറും ആളുകൾ നമ്മളെ കണ്ടോണ്ടിരിക്കുകയാണ്. ഞങ്ങൾക്കൊരു ഇംപാക്ട് ഉണ്ടാക്കാനായെന്ന് വിചാരിക്കുന്നു. ആൾക്കാർ എന്നെയും നൂറയേയും കണ്ടത് എങ്ങനെയാണെന്നുവച്ചാൽ, ഇവരെങ്ങനെയാണ് ഒന്നിച്ച് ജീവിക്കുന്നത്, ബെഡ്റൂം സീൻ എങ്ങനെയാണെന്നൊക്കെയായിരുന്നു ചിന്തിച്ചിരുന്നത്. അതിനുപുറത്തുള്ള സ്‌നേഹം, സംഗതികളൊന്നും അവരുടെ തലയിൽ ഓടിയിരുന്നില്ല. പക്ഷേ എല്ലാ കപ്പിൾസിനെയും പോലെയാണ് ഞങ്ങളെന്ന് ആളുകൾക്ക് മനസിലായിട്ടുണ്ടെന്നാണ് തോന്നുന്നത്. ലെസ്ബിയൻ എന്ന് പറഞ്ഞാൽ ഒരാൾ മുടിവെട്ടി ആണുങ്ങളെപ്പോലെയായിരിക്കണമെന്നൊക്കെയാണ് ചിലർ കരുതുന്നത്. അതിലൊക്കെ മാറ്റം വന്നിട്ടുണ്ടെന്നാണ് തോന്നുന്നത്'.- ആദില പറഞ്ഞു.