കോഴിക്കോട്ട് ആഫ്രിക്കൻ പന്നിപ്പനി; മാംസ വിൽപ്പനശാലകൾ അടച്ചിടാൻ നിർദേശം

Friday 07 November 2025 12:56 PM IST

കോഴിക്കോട്: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡ് ഏഴ് - മുണ്ടൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. സ്വകാര്യ ഉടമസ്ഥതയിലുള്ള ഫാമിലാണ് പന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത്. കോഴിക്കോട് ജില്ലയിൽ ആദ്യമായാണ് പന്നികളിൽ ഈ രോഗം സ്ഥിരീകരിക്കുന്നത്. ഇരുപതോളം പന്നികൾ അസ്വാഭാവിക രീതിയിൽ ചത്തത് ശ്രദ്ധയിൽപ്പെട്ട മൃഗസംരക്ഷണ വകുപ്പ് പന്നികളുടെ ആന്തരിക അവയവങ്ങൾ ശേഖരിച്ച് ഭോപ്പാലിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ലാബിലേക്ക് അയച്ചിരുന്നു. കഴിഞ്ഞ ദിസമാണ് പരിശോധനാ ഫലം ലഭിച്ചത്.

കാട്ടുപന്നികൾ, വളർത്തുപന്നികൾ എന്നിവയിൽ ഈ രോഗം അതിവേഗം പടരുമെങ്കിലും മനുഷ്യനെ ബാധിക്കില്ല. പന്നികൾക്ക് 100 ശതമാനം മരണനിരക്കുള്ള രോഗമാണിത്. ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച പന്നിയുടെ രക്തം, മാംസം, അവശിഷ്‌ടങ്ങൾ, രോഗം ബാധിച്ച പന്നിയുമായി നേരിട്ടുള്ള സമ്പ‌ർക്കം എന്നിവയിലൂടെ മറ്റ് പന്നികളിലേക്ക് രോഗം വ്യാപിക്കാം.

കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. അസുഖം വന്ന ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിൽ പന്നികളെ കൊന്നൊടുക്കാനും അസുഖം വന്ന പന്നിഫാം അണുവിമുക്തമാക്കാനും തീരുമാനിച്ചു. കൂടാതെ ഒരു കിലോമീറ്റർ ചുറ്റളവിൽ പന്നിമാംസം വിൽപ്പന നടത്തുന്ന കടകൾ അടച്ചിടേണ്ടതാണെന്നും നിർദേശമുണ്ട്. ഫാമിന് പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലം നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.