മുകേഷ് അംബാനി ഒരു ദിവസം സംഭാവന നൽകുന്നത് എത്ര രൂപയാണെന്നറിയാമോ? അതിൽ കൂടുതൽ തുക ദാനം ചെയ്യുന്ന മറ്റൊരാൾ ഇന്ത്യയിലുണ്ട്

Friday 07 November 2025 1:45 PM IST

സമ്പത്തിന്റെ കാര്യത്തിൽ മാത്രമല്ല, ദാനശീലത്തിലും പേരുകേട്ടയാളാണ് ശതകോടീശ്വരൻ മുകേഷ് അംബാനി. ലോകത്തുതന്നെ ഏറ്റവും വലിയ പണക്കാരിലൊരാളാണ് അദ്ദേഹം. മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെയും ആഡംബര ജീവിതശൈലിയും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്.

ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ പണം നൽകുന്ന ഒരാൾ കൂടിയാണ് മുകേഷ് അംബാനി. 2025ലെ 'എഡൽഗിവ് ഹുറുൺ ഇന്ത്യ ഫിലാന്ത്രോപ്പി' (EdelGive-Hurun India Philanthropy List) ലിസ്റ്റ് പ്രകാരം, മുകേഷ് അംബാനിയും കുടുംബവും കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 626 കോടി രൂപ സംഭാവന നൽകിയിട്ടുണ്ട്. അതായത് പ്രതിദിനം 1.7 കോടി രൂപയാണ് സംഭാവനയായി കൊടുത്തത്.

അംബാനി കുടുംബം പ്രധാനമായും വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, കല, സംസ്‌കാരം, ദുരന്തനിവാരണം, പൈതൃക സംരക്ഷണം, സ്ത്രീ ശാക്തീകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, പട്ടികയിൽ അംബാനി രണ്ടാം സ്ഥാനത്താണ്. ഇതിലും കൂടുതൽ തുക സംഭാവന ചെയ്യുന്ന മറ്റൊരാൾ നമ്മുടെ രാജ്യത്തുണ്ട്. ആരാണെന്നല്ലേ? എച്ച്സിഎൽ ടെക്‌നോളജീസിന്റെ സ്ഥാപകനും ചെയർമാനുമായ ശിവ് നാടാറും കുടുംബവുമാണ് പട്ടികയിൽ ഒന്നാമതി.

2025 സാമ്പത്തിക വർഷത്തിൽ 2,708 കോടി രൂപയാണ് ശിവ് നാടാറും കുടുംബവും സംഭാവന ചെയ്തത്. ബജാജ് ഫാമിലി 446 കോടിയാണ് സംഭാവനയായി നൽകിയത്. കുമാർ മംഗളം ബിർല ഗ്രൂപ്പ് 440 കോടിയും നന്ദൻ നിലേകനി 365 കോടിയുമാണ് സംഭാവനം ചെയ്‌തത്.