യുവാക്കൾ അമിതവേഗത്തിലോടിച്ച കാർ ഓട്ടോറിക്ഷയിലും ബൈക്കുകളിലുമിടിച്ച് അപകടം, പരിക്കേറ്റ സ്‌ത്രീ മരിച്ചു

Friday 07 November 2025 3:46 PM IST

പയ്യന്നൂർ: അമിത വേഗത്തിൽ പാഞ്ഞെത്തിയ കാർ ഓട്ടോറിക്ഷയിലും രണ്ട് ബൈക്കുകളിലും ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ സ്‌ത്രീ മരിച്ചു. പയ്യന്നൂരിൽ ഇന്നലെ രാത്രി 9.30ഓടെ ബസ് സ്റ്റാന്റിന് സമീപത്താണ് അപകടം ഉണ്ടായത്. തൃക്കരിപ്പൂർ ഉടുമ്പുന്തല എൻ കബിറിന്റെ ഭാര്യ ഖദീജ (58) ആണ് മരിച്ചത്. പാസ്‌പോർട്ട് ഓഫീസ് ഭാഗത്ത് നിന്നും ടൗണിലേക്ക് പാഞ്ഞെത്തിയ കാറാണ് അപകടമുണ്ടാക്കിയത്. കാർ യാത്രികരായ യുവാക്കൾ മദ്യലഹരിയിലായിരുന്നു.

അപകടത്തിൽ സാരമായി പരിക്കേറ്റ ഖദീജ പുലർച്ചെ പന്ത്രണ്ടരയോടെയാണ് മരണമടഞ്ഞത്. പയ്യന്നൂരിൽ സ്വകാര്യ ആശുപത്രിയിൽ പോയ ശേഷം മടങ്ങിപ്പോകും വഴിയാണ് ഖദീജ അപകടത്തിൽ പെട്ടത്. ഓട്ടോ ഡ്രൈവർ അനീഷ്, മറ്റ് രണ്ട് യാത്രക്കാർ എന്നിവർക്കും പരിക്കുണ്ട്. ഇടിയുടെ ആഘാതത്തിൽ കാറും ഓട്ടോയും പാടേ തകർന്നു. യാത്രക്കാരെ ശബ്‌ദംകേട്ടെത്തിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. കാർ യാത്രികരായ അഭിരാഗ്, അഭിജിത്ത് എന്നിവരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. മറ്റുള്ള രണ്ടുപേർ ഓടിപ്പോയതായാണ് വിവരം.