സഞ്ജു, അഭിഷേക് ശർമ്മയ്‌ക്കൊപ്പം അഞ്ചാം മത്സരത്തിൽ ഓപ്പണർ; ഗില്ലിന് വിശ്രമം വേണം, ആവശ്യം ഉയരുന്നു
ഗബ്ബ: മലയാളി താരം സഞ്ജു സാംസണിന്റെ ഇന്ത്യൻ ടീമിലെ സ്ഥാനം എപ്പോഴും കുഴപ്പിക്കുന്ന ചർച്ചാ വിഷയമാണ്. മികച്ച പ്രകടനം പുറത്തെടുത്താലും താരം പലപ്പോഴും ടീമിലില്ലാത്തത് മലയാളികളടക്കം ആരാധകർ ചോദ്യം ചെയ്‌തിരുന്നു. ഓസ്‌ട്രേലിയ-ഇന്ത്യ ട്വന്റി20 പരമ്പരയിലെ സ്‌ക്വാഡിൽ സഞ്ജു ഉണ്ടെങ്കിലും ആകെ ഒരു മത്സരത്തിൽ മാത്രമാണ് കളിച്ചത്. ആ മത്സരത്തിൽ രണ്ട് റൺസ് മാത്രമാണ് നേടിയത്. ആ മത്സരത്തിൽ ഇന്ത്യ ആകെ നേടിയത് 125 റൺസ് മാത്രമാണ്. അഭിഷേക് ശർമ്മയും ഹർഷിത് റാണയും മാത്രമാണ് അന്ന് മികച്ച സ്‌കോർ നേടിയത്. മൂന്നും നാലും മത്സരങ്ങളിൽ സഞ്ജുവിന് പകരം ജിതേഷ് ശർമ്മയെയാണ് കളിപ്പിച്ചത്.
ഇതിനിടെ നാല് മത്സരങ്ങളിലും കളിച്ച ഇന്ത്യയുടെ ഉപനായകനായ ശുബ്‌മാൻ ഗില്ലിന്റെ ഫോമില്ലായ്‌ക ഇപ്പോൾ ചർച്ചാ വിഷയമാകുകയാണ്. നാല് മത്സരങ്ങളിലും ഓപ്പണറായ ഗിൽ ആകെ 103 റൺസ് മാത്രമാണ് നേടിയത്. ട്വന്റി20യിൽ ഗില്ലിനെ ഉൾപ്പെടുത്താനായി ഓപ്പണറോ വൺ ഡൗണോ ആയുള്ള തന്റെ സ്ഥാനം തന്നെ സഞ്ജു ത്യജിച്ചിരുന്നു. ഗിൽ പരാജയപ്പെട്ടിട്ടും സഞ്ജുവിനെ ടീമിൽ സ്ഥിരമായി ഉൾപ്പെടുത്തിയില്ല. ഇതിനിടെ ഗില്ലിന്റെ വർക്ക് മാനേജ്‌മെന്റിനെക്കുറിച്ച് ഇപ്പോൾ ചർച്ചകൾ നടക്കുന്നുണ്ട്. മേയ് മാസം മുതൽ നവംബർ വരെ നടന്ന ഇന്ത്യയുടെ എല്ലാ മത്സരങ്ങളിലും മൂന്ന് ഫോർമാറ്റിലും ഗിൽ ഉണ്ടായിരുന്നു. അന്നുമുതൽ 10 ടെസ്റ്റ് മത്സരങ്ങളിലും ഗിൽ തന്നെയായിരുന്നു നായകൻ.
ഇംഗ്ളണ്ട് പര്യടനം, ശേഷം യുഎഇയിൽ ഏഷ്യാ കപ്പ്, പിന്നാലെ വെസ്റ്റ് ഇൻഡീസ് പരമ്പര, അതിനുശേഷം ഇപ്പോൾ ഓസ്‌ട്രേലിയൻ പരമ്പര ഇവയിലെല്ലാം ഗിൽ ഉണ്ടായിരുന്നു. 140 ദിവസങ്ങൾക്കിടെ 48 ദിവസങ്ങളിലെ മത്സരങ്ങളിൽ ഗിൽ ഉണ്ടായി. ഇന്ത്യൻ ടീമിലെ ആരും ഇതുപോലെ എല്ലാ ഫോർമാറ്റിലും ഈ വർഷം കളിച്ചില്ല. മൂന്ന് ദിവസത്തിലൊരിക്കൽ ഒരു മത്സരം ഗില്ലിന് കളിക്കേണ്ടി വരുന്നു. ഫോം ഔട്ടാകുക കൂടിയാകുമ്പോൾ വലിയ വിമർശനത്തിനാണ് ഇപ്പോൾ വഴിവച്ചത്.
നാളത്തെ മത്സരത്തിൽ ഗില്ലിന് വിശ്രമം നൽകുകയും അഭിഷേക് ശർമ്മയും സഞ്ജുവും ബാറ്റിംഗ് ഓപ്പൺ ചെയ്യണം എന്നും അഭിപ്രായം ഉയരുന്നുണ്ട്. നാളെയും ഗിൽ കളിച്ചാൽ തൊട്ടടുത്ത ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് ഗില്ലിന് മൂന്ന് ദിവസത്തെ വിശ്രമമേ ലഭിക്കൂ. ഫാസ്റ്റ് ബൗളർമാർക്ക് മാത്രമല്ല ബാറ്റ്സ്‌മാൻമാർക്കും വർക്ക് ലോഡ് മാനേജ്‌മെന്റ് ഫലപ്രദമായി നടപ്പാക്കണം എന്ന് അഭിപ്രായം ദേശീയമാദ്ധ്യമങ്ങളിലടക്കം വന്നുകഴിഞ്ഞു. ഗിൽ ട്വന്റി20യിലും ഏകദിനത്തിലും ഓപ്പണർ സ്ഥാനത്ത് എത്തുംമുൻപ് സെഞ്ച്വറിയടക്കം നേടി ഒന്നാം സ്ഥാനത്തിന് താൻ യോഗ്യനെന്ന് സഞ്ജു തെളിയിച്ചതാണെന്നും ഇതിനെക്കുറിച്ച് പറയുന്നവർ വ്യക്തമാക്കുന്നു.