പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ മോഷണം; 20 കോടി രൂപയുടെ വസ്‌തുക്കൾ പോയെന്ന് പരാതി
കൊച്ചി: പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ മോഷണം. എറണാകുളം നോർത്ത് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. എന്തൊക്കെ വസ്‌തുക്കൾ മോഷണം പോയി എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. നിലവിൽ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ് മോൻസന്റെ വീടും സാധനങ്ങളും. ഇവ എടുക്കാൻ മോൻസന് ഹൈക്കോടതിയുടെ അനുമതി ലഭിച്ചിരുന്നു.
മോൻസൻ ഇപ്പോൾ പരോളിലാണ്. ഉത്തരവനുസരിച്ച് വീട്ടിലുള്ള സാധനങ്ങൾ തിട്ടപ്പെടുത്താനായാണ് മോൻസനുമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കലൂരിലെ വീട്ടിലെത്തിയത്. അപ്പോഴാണ് വീടിന്റെ ഒരുഭാഗം പൊളിഞ്ഞത് ശ്രദ്ധയിൽപ്പെടുന്നത്. ഇതിനുള്ളിലുണ്ടായിരുന്ന പുരാവസ്‌തുക്കളിൽ പലതും മോഷണം പോയെന്ന മോൻസന്റെ പരാതിയിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഏതാണ്ട് 20 കോടിയോളം രൂപ വിലയുള്ള സാധനങ്ങൾ മോഷണം പോയെന്നാണ് മോൻസന്റെ അഭിഭാഷകൻ എംജി ശ്രീജിത്ത് പറഞ്ഞത്. സിസിടിവി പൊളിച്ചുമാറ്റിയ ശേഷമാണ് മോഷണം നടത്തിയിരിക്കുന്നത്. രണ്ടാഴ്‌ച മുമ്പ് കോടതിയിൽ നിന്ന് കമ്മീഷനുൾപ്പെടെയുള്ളവർ വന്ന് പരിശോധിച്ച സമയത്ത് വീട്ടിൽ കേടുപാടുകൾ ഉണ്ടായിരുന്നില്ല. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം വന്ന് നോക്കിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞതെന്നും അഭിഭാഷകൻ പറഞ്ഞു.