'പട്ടാ ഗേൾസ് എന്ന പേരിന് കാരണം അതായിരുന്നു, നൂറയുടെ കാര്യത്തിൽ ഞാൻ അൽപ്പം പൊസസീവ് ആണ്'

Friday 07 November 2025 4:58 PM IST

ഇത്തവണത്തെ ബിഗ്ബോസ് സീസണിൽ ഏറെ ജനശ്രദ്ധ നേടിയ മത്‌സരാർത്ഥികളാണ് ആദിലയും നൂറയും. കേരളത്തിലെ ആദ്യ ലെസ്‌ബിയൻ കപ്പിൾസ് എന്ന നിലയിലാണ് ഇരുവരും ബിഗ്ബോസിൽ ഇടം നേടിയത്. ആദ്യ ആഴ്‌ചകളിൽ ഇരുവരെയും ഒറ്റ മത്സ‌രാർത്ഥി ആയാണ് പരിഗണിച്ചിരുന്നത്. എന്നാൽ പിന്നീടുള്ള ആഴ്ചകളിൽ ഇരുവരെയും രണ്ട് മത്സരാർത്ഥികളാക്കി മാറ്റുകയായിരുന്നു. സീസൺ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കഴിഞ്ഞ ദിവസം നടന്ന എവിക്ഷനിൽ ആദില പുറത്തായിരുന്നു.

ഓരോ സീസണിലും പലരുടെയും സൗഹൃദങ്ങൾ പ്രേക്ഷകർക്കിടയിൽ ഇടം നേടാറുണ്ട്. കഴിഞ്ഞ സീസണിൽ ഗബ്രി ജാസ്മിൻ സൗഹൃദമാണ് ശ്രദ്ധിക്കപ്പെട്ടതെങ്കിൽ ഇത്തവണ ശൈത്യ, അനു, ആദില, നൂറ എന്നിവരുടെ സൗഹൃദമാണ് കൂടുതൽ ശ്രദ്ധ നേടിയത്. ഇവർക്ക് പട്ടാ ഗേൾസ് എന്ന പേരും വീണിരുന്നു. എന്നാൽ ഇപ്പോഴിതാ ആ പേര് വീഴാനുള്ള കാരണത്തെക്കുറിച്ച് തുറന്ന് പറയുകയാണ് ആദില. എവിക്ഷനു ശേഷം ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ആദിലയുടെ പ്രതികരണം.

'ഒരു ഗേൾസ് ട്രിപ്പായിട്ട് പട്ടായയിൽ പോകണം എന്നൊരു പ്ളാൻ ഉണ്ടായിരുന്നു. അപ്പോഴൊന്നും പട്ടാ ഗേൾസ് എന്ന പേര് ഉണ്ടായിരുന്നില്ല. അനു ആദ്യമൊക്കെ ഒരു ക്രൈ ബേബി ആയിരുന്നു. അനു ഓക്കെ അല്ലാതിരുന്ന സമയത്ത് അവളെ ആശ്വസിപ്പിക്കുന്നതിന് വേണ്ടി ഞാൻ വെറുതെ പട്ടാ എന്ന വാക്ക് ഉപയോഗിച്ച് പാട്ട് പാടുമായിരുന്നു. സങ്കടത്തിൽ നിന്ന് ഒന്ന് ശ്രദ്ധതിരിക്കണമെന്ന ചിന്തയെ ഉണ്ടായിരുന്നുള്ളു. പിന്നീട് എപ്പോഴോ ആണ് പട്ടാ ഗേൾസ് എന്ന് വിളിക്കാൻ തുടങ്ങിയത്' ആദില പറഞ്ഞു.

തുടക്കത്തിൽ നന്നായി പോയിരുന്നെങ്കിലും പിന്നീട് പലവിധത്തിലുള്ള തർക്കങ്ങൾ ഇവർക്കിടയിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ തർക്കങ്ങളെല്ലാം പറ‌ഞ്ഞവസാനിപ്പിച്ചെന്നും ഗെയിമിനെ ഗെയിമായി തന്നെ മനസിലാക്കാൻ ശ്രമിക്കുമെന്നുമാണ് ആദില പ്രതികരിച്ചത്. നൂറയുടെ കാര്യത്തിൽ താൻ അൽപം പൊസസീവ് ആണെന്നും ആദില പറയുന്നുണ്ട്.