വാഹനം ഭൂട്ടാനിൽ നിന്നുള്ളതാണോ? പ്രമുഖർ കസ്റ്റംസിനെ സമീപിച്ചു, വീണ്ടും കാറുകളടക്കം പിടിച്ചെടുത്തേക്കും
കൊച്ചി: നടൻ ദുൽഖർ സൽമാന്റേതടക്കം 43 വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തതിന് പിന്നാലെ കൂടുതൽ പ്രമുഖർ ഭൂട്ടാൻ വാഹനങ്ങളാണോ തങ്ങളുടേതെന്ന സംശയത്തിൽ. ഇതേ സംശയം അറിയിച്ച് കസ്റ്റംസിനെ പലരും സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതോടെ കൂടുതൽ വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുക്കും. ആകെ 220 എസ്‌യുവികൾ ഇന്ത്യയിൽ ഭൂട്ടാനിൽ നിന്നെത്തി എന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്.
വിഷയത്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജേന്ദ്രകുമാറും ഭൂട്ടാൻ ആഭ്യന്തര സെക്രട്ടറി സോനം വാംഗിലയും തമ്മിൽ ചർച്ച നടത്തി. അന്വേഷണത്തിൽ ഭൂട്ടാൻ സഹകരിക്കും.ഭൂട്ടാനിൽ നിന്ന് വർഷങ്ങളായി എസ്‌യുവികൾ എത്തിക്കുന്നെന്നും ആർടിഒ ഓഫീസുകളിൽ വ്യാജരേഖകൾ കാണിച്ച് രജിസ്‌ട്രേഷൻ നടത്തുന്നുവെന്നും കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവിന് ഒരുവർഷം മുൻപ് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കോയമ്പത്തൂരിലെ ഷൈൻ മോട്ടോഴ്‌സിന് ഇതുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി.
വ്യാജ എൻഒസി കാണിച്ചാണ് ഭൂട്ടാനിൽ നിന്ന് വാഹനങ്ങൾ ഇവിടേക്ക് കടത്തിയത്. ഇതിൽ ഭൂട്ടാൻകാരനായ ഷാ കിൻലെയും ഭൂട്ടാനിലെ കരസേന മുൻ ഉദ്യോഗസ്ഥനുമാണ് കാരണക്കാർ. ഇഡി, കസ്റ്റംസ് അധികൃതർ ഈ വ്യാജ എൻഒസികളും പിടിച്ചെടുത്തിരുന്നു.