തലസ്ഥാനത്തിന് വികസന കുതിപ്പ് ,​ തിരുവനന്തപുരം മെട്രോയുടെ ആദ്യഘട്ട അലൈൻമെന്റിന് അംഗീകാരം,​ ആകെ 27 സ്റ്റേഷനുകൾ

Friday 07 November 2025 7:41 PM IST

തിരുവനന്തപുരം: തലസ്ഥാനത്തെ വികസന കുതിപ്പിന് കരുത്തേകാൻ മെട്രോ പദ്ധതി യാഥാർ‌ത്ഥ്യത്തിലേക്ക്. മെട്രോ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകാരം നൽകി. പാപ്പനംകോട് മുതൽ ഈഞ്ചയ്ക്കൽ വരെയുള്ള മെട്രോപാതയിൽ 27 സ്റ്റേഷനുകൾ ഉണ്ടാകും.31 കിലോ മീറ്ററാണ് ദൈർഘ്യം. ടെക്നോപാർക്കിന്റെ മൂന്നുഫേസുകൾ,​ വിമാനത്താവളം,​ തമ്പാനൂർ ബസ് സ്റ്റാൻഡ്,​ റെയിൽവേ സ്റ്റേഷൻ,​ സെക്രട്ടറിയേറ്റ്,​ മെഡിക്കൽ കോളേജ്,​ എന്നിവ ബന്ധിപ്പിക്കുന്ന ആദ്യഘട്ട അലൈൻമെന്റാണ് അംഗീകരിച്ചത്. പാപ്പനംകോട് നിന്ന് ആരംഭിച്ച് കിള്ളിപ്പാലം,​ പാളയം,​ ശ്രീകാര്യം,​ കഴക്കൂട്ടം,​ ടെക്നോപാർക്ക്,​ കൊച്ചുവേളി,​ വിമാനത്താവളം വഴി ഈഞ്ചയ്ക്കലിൽ അവസാനിക്കും. കഴക്കൂട്ടം,​ ടെക്നോപാർക്ക്,​ കാര്യവട്ടം എന്നിവയായിരിക്കും ഇന്റർചേഞ്ച് സ്റ്റേഷനുകൾ. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മുഖേനെയാണ് പദ്ധതി നടപ്പാക്കുക.

സംസ്ഥാനത്തെ രണ്ടാമത്തെ മെട്രോ റെയിൽ നിർമ്മിക്കാനുള്ള നടപടികൾ ഈ വർഷം തന്നെ തുടങ്ങിയേക്കും.മുന്നൊരുക്കത്തിന്റെ ഭാഗമായി ശ്രീകാര്യം,​ ഉള്ളൂർ,​ പട്ടം എന്നീ മേല്പാലങ്ങളുടെ നിർമ്മാണ ചുമതലല കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ ഏൽപ്പിച്ചിരുന്നു. ഇതിൽ ശ്രീകാര്യം മേല്പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്.

തിരുവനന്തപുരം മെട്രോ പദ്ധതിയുടെ അന്തിമ അലൈൻമെന്റ് ഈ മാസം അവസാനത്തോടെ സംസ്ഥാന സർക്കാർ അംഗീകരിക്കുമെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) ഇതിനകം നിരവധി അലൈൻമെന്റ് നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്ന് കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക്‌‌നാഥ് ബെഹ്റയാണ് വ്യക്തമാക്കിയത്. 'ഡൽഹി മെട്രോ റെയിൽ ലിമിറ്റഡ് തയ്യാറാക്കിയ നിർദ്ദേശങ്ങളും സർക്കാരിന്റെ കൈയിലുണ്ട്. അതെല്ലാം പൂർണമായും സാങ്കേതിക അടിസ്ഥാനത്തിലാണ്. സർക്കാർ അവയെല്ലാം വിശകലനം ചെയ്ത് ഏറ്റവും യോജിക്കുന്നത് തിരഞ്ഞെടുക്കും. അത് ഈ മാസം അവസാനത്തോടെ ഉണ്ടാവുമെന്നാണ് കരുതുന്നത് '- എന്നാണ് ബെഹ്റ പറഞ്ഞത്.

മെട്രോ പദ്ധതിയുടെ ചെലവ് 20:20:60 അനുപാതത്തിലാവും പങ്കിടുക. 20 ശതമാനം വീതം കേന്ദ്ര, സംസ്ഥാന സർക്കാരുകളും ബാക്കിയുള്ളത് അംഗീകൃത ഏജൻസിയിൽ നിന്നുള്ള വായ്പ വഴിയുമാണ് സംഘടിപ്പിക്കുന്നത്.