ഇനിയും നടപടി വൈകിക്കരുത്
സംസ്ഥാനത്ത് അടുത്തിടെയായി റിപ്പോർട്ട് ചെയ്യുന്ന അമീബിക് മസ്തിഷ്‌ക ജ്വരം ആളുകൾക്കിടയിലുണ്ടാക്കുന്ന ആശങ്ക ചെറുതല്ല. രോഗം ഇത്രയധികം വ്യാപിക്കുന്ന സാഹചര്യത്തിലും അധികൃതർ പുലർത്തുന്ന നിസംഗ മനോഭാവമാണ് ജനങ്ങളുടെ ആശങ്ക വർദ്ധിപ്പിക്കുന്നത്. അടുത്തിടെ തിരുവനന്തപുരത്ത് 57-കാരനാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. ഇതോടെ ജില്ലയിൽ ഒരു മാസത്തിനിടെ മൂന്നുപേരാണ് ഈ രോഗം ബാധിച്ച് മരിച്ചത്. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമായിട്ടും സർക്കാരോ ബന്ധപ്പെട്ട വകുപ്പ് അധികൃതരോ അമീബിക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാൻ ലക്ഷ്യമിട്ടുള്ള മുന്നൊരുക്കങ്ങളോ അനന്തര നടപടികളോ സ്വീകരിക്കുന്നുണ്ടെന്ന് തോന്നുന്നില്ല.
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നിന്നാണ് രോഗവാഹിയായ അമീബ പകരുന്നതെന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും ഇപ്പോൾ വീടുകളിൽ കുളിക്കുന്നവർക്കു പോലും രോഗം ബാധിക്കുന്നുണ്ട്. സാധാരണ പനിയുടെ ഏറക്കുറെ സമാനമായ ലക്ഷണങ്ങളോടെ എത്തുന്നതിനാൽ ജനങ്ങളും വേണ്ടത്ര മുൻകരുതലുകൾ സ്വീകരിക്കാറില്ല. പലപ്പോഴും രോഗം മൂർച്ഛിച്ച് ജീവിതത്തിലേക്ക് ഒരു മടങ്ങിപ്പോക്ക് ഇല്ലാത്ത അവസരത്തിലായിരിക്കും അമീബിക് മസ്തിഷ്കജ്വരം തിരിച്ചറിയുക. സമയോചിതമായി തിരിച്ചറിയാത്തതും ജീവൻ അപകടത്തിലാകുന്നതിന് മുഖ്യകാരണങ്ങളിലൊന്നാണ്.
ആരോഗ്യവകുപ്പ് അധികൃതരും തദ്ദേശ വകുപ്പ് അധികൃതരും ജനങ്ങളിൽ ബോധവത്കരണം കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. പൊതു നീന്തൽക്കുളങ്ങളുടെയും മറ്റു കുളങ്ങളുടെയും ശുചിത്വനില പുനഃപരിശോധിക്കുകയും, പൊതു വിതരണ സംവിധാനങ്ങളിലൂടെയുള്ള വെള്ളത്തിന്റെ ആരോഗ്യ സുരക്ഷിതത്വം
ഉറപ്പാക്കുകയും വേണം. സ്‌കൂളുകളിലും കോളേജുകളിലും കുട്ടികൾക്ക് ഈ വിഷയത്തിൽ ലളിതമായ ബോധവത്കരണം നല്കേണ്ടതും അത്യാവശ്യമാണ്. വ്യക്തിഗത ആരോഗ്യശുചിത്വം രോഗപ്രതിരോധത്തിൽ പ്രധാനമാണ്.
വിജയൻ കെ. ആർ
നിലമേൽ