മൂന്ന് വന്‍നഗരങ്ങളുടെ നിലവാരത്തിലേക്ക് തിരുവനന്തപുരവും; കേരളത്തിന്റെ തലസ്ഥാനത്തെ കാത്തിരിക്കുന്നത്

Friday 07 November 2025 8:44 PM IST

തിരുവനന്തപുരം:തലസ്ഥാന നഗരവാസികളുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനാണ് അവസാനമായിരിക്കുന്നത്. തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നല്‍കി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളില്‍ മെട്രോ റെയില്‍ ഇല്ലാതിരുന്നത് തിരുവനന്തപുരത്ത് മാത്രമാണ്. പദ്ധതിക്ക് അംഗീകാരം ലഭിച്ചതോടെ ആ കുറവ് പരിഹരിക്കപ്പെടുകയാണ്. ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു നഗരങ്ങള്‍ക്ക് നേരത്തെ തന്നെ മെട്രോ റെയില്‍ നിലവിലുണ്ട്. ആ പട്ടികയിലേക്കാണ് കേരളത്തിന്റെ തലസ്ഥാനവും ഇടംപിടിക്കുന്നത്.

പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം കൂടി ലഭിക്കുന്ന മുറയ്ക്ക് ഈ വര്‍ഷം തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മുഖേനയാണ് തിരുവനന്തപുരം മെട്രോ യാഥാര്‍ത്ഥ്യമാക്കുക. ഇന്ത്യയില്‍ അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് തിരുവനന്തപുരം. വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞതോടെ തന്നെ നഗരത്തിന്റേയും ജില്ലയുടേയും വ്യാവസായിക മുഖച്ഛായ മാറിത്തുടങ്ങിയിട്ടുണ്ട്.

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ഒരുപിടി പദ്ധതികളാണ് അണിയറയിലുള്ളത്. കരമാര്‍ഗമുള്ള ചരക്ക് നീക്കം കൂടി ആരംഭിക്കുമ്പോള്‍ തലസ്ഥാനത്തിന്റെ ഗതാഗത ആവശ്യങ്ങളെ നേരിടാന്‍ മെട്രോ പോലുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് നേരത്തെ തന്നെ ആവശ്യമുയര്‍ന്നിരുന്നു. അതുപോലെ തന്നെ പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ കൊച്ചി മെട്രോയിലേതിനേക്കാള്‍ യാത്രക്കാരുണ്ടാകുമെന്ന പഠന റിപ്പോര്‍ട്ടും നേരത്തെ പുറത്ത് വന്നിരുന്നു.

തലസ്ഥാനത്തിനെ സംബന്ധിച്ചിടത്തോളം റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ഉള്‍പ്പെടെ വലിയ മാറ്റമാണ് പ്രകടമാകുന്നത്. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികള്‍ അണിയറയിലുണ്ട്. പൂവാറിലെ കപ്പല്‍ നിര്‍മാണശാലയെന്ന പദ്ധതിക്കും ജീവന്‍വെച്ചിട്ടുണ്ട്. ഔട്ടര്‍റിംഗ് റോഡ്, ടെക്‌നോപാര്‍ക്കിന്റെ തുടര്‍വികസനം, വിഴിഞ്ഞത്തെ ലോജിസ്റ്റിക് ഹബ്, വിളപ്പിന്‍ശാലയിലെ 50 ഏക്കറില്‍ ഇ.വി ഹബ് തുടങ്ങി ഒരുപിടി മെഗാ പ്രോജക്റ്റുകളാണ് തിരുവനന്തപുരം നഗരത്തെ കാത്തിരിക്കുന്നത്.