റാന്നിയിലെ ലോഡ്ജ് മുറിയിൽ പത്തി വിടർത്തി മൂർഖൻ പാമ്പ്; നീളം അഞ്ചരയടി, ഭീതി പരത്തിയത് ഒരു മണിക്കൂർ

Friday 07 November 2025 8:47 PM IST

പത്തനംതിട്ട: ലോഡ്ജ് മുറിയിലെ അടുക്കളയിൽ പത്തി വിടർത്തിയ മൂർഖൻ പാമ്പിനെ പിടികൂടി. റാന്നി ടൗണിലെ പേട്ട ജംഗ്ഷനിലുള്ള ശാസ്താം കോവിൽ ലോഡ്‌‌‌ജിൽ നിന്നാണ് മൂ‌ർഖനെ പിടിച്ചത്. അഞ്ചരയടി നീളമുള്ള മൂർഖൻ പാമ്പ് പാത്രങ്ങൾക്കിടയിൽ ഒളിച്ചിരുന്ന് പത്തി വിടർത്തി ഭീതി പരത്തുകയായിരുന്നു. സൽമാ നസീറും ഇവരുടെ മകൻ രാജാ നസീറും വാടകയ്ക്കെടുത്ത മുറിയിലാണ് പാമ്പിനെ കണ്ടത്.

ഒരു മണിക്കൂറോളമാണ് മൂർഖൻ ഭീതി പരത്തിയത്. പമ്പാനദിയും വലിയ തോടും അടുത്തുള്ളതിനാൽ സമീപപ്രദേശങ്ങളിൽ പെരുമ്പാമ്പുകളും മൂർഖൻ പാമ്പുകളും അടക്കമുള്ള വിഷ പാമ്പുകളുടെ സാന്നിദ്ധ്യം നിരന്തരമായി നാട്ടുകാർക്ക് ഭീഷണിയാകുന്നുണ്ട്. മൂ‌ർഖനെ കണ്ടതിന് ശേഷം ഉതിമൂട്ടിലുള്ള മാത്തുക്കുട്ടിയെ വിവരമറിയിക്കുകയും ഇയാൾ പെട്ടെന്ന് തന്നെ സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയുമായിരുന്നു. അദ്ദേഹത്തിന്റെ കൃത്യസമയത്തുള്ള ഇടപെടൽ കൊ‌ണ്ട് ലോഡ്ജിലെ മറ്റ് താമസക്കാർക്ക് വലിയൊരു അപകടം ഒഴിവായി.