കൈപിടിക്കാൻ വേണുവില്ല; പഠന സ്വപ്നം തകർന്ന് മക്കൾ
കൊല്ലം: രാത്രിവരെ ഓട്ടോ ഓടും. വീട്ടിലെത്തിയാൽ പെൺമക്കളെ അടുത്തുവിളിച്ച് നൂറു രൂപവീതം നൽകും. വിദ്യയ്ക്കും വർഷയ്ക്കും പഠിക്കാൻ പോകാനുള്ള വണ്ടിക്കൂലി. അതിൽനിന്ന് മിച്ചം പിടിച്ച് കുട്ടികൾ അച്ഛനെ വിഷമിപ്പിക്കാതെ പുസ്തകങ്ങൾ വാങ്ങും. വണ്ടിക്കൂലിയുമായി ചവറ പന്മന മനയിലെ പൂജാഭവനിലേക്ക് ഇനി വേണു വരില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ കിട്ടാതെ ഹൃദ്രോഗിയായ വേണു മരിച്ചപ്പോൾ നഷ്ടമായത് മക്കളുടെ സ്വപ്നങ്ങൾ കൂടിയാണ്.
അമ്മ സിന്ധുവിന്റെ തോളിൽ ചാഞ്ഞ് നെഞ്ചുപൊട്ടി വിലപിക്കുകയാണ് വിദ്യയും വർഷയും. പഠിക്കാൻ മിടുക്കികളായ മക്കളെ ഉന്നതനിലയിൽ എത്തിക്കാനുള്ള ഓട്ടത്തിലായിരുന്നു വേണു. ഓട്ടോ ഓടി കിട്ടുന്ന തുക എത്ര കുറവാണെങ്കിലും മക്കൾക്കുള്ള വിഹിതം മുടക്കിയിരുന്നില്ല. ബാക്കിയുള്ളതു മാത്രമേ വീട്ടുചെലവിനെടുക്കൂ. സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ സിന്ധുവിന് പതിനൊന്നായിരം രൂപയാണ് ശമ്പളം.
എ പ്ലസോടെയാണ് മക്കൾ രണ്ടുപേരും പത്താംക്ലാസും പ്ലസ്ടുവും ജയിച്ചത്. ഐ.എ.എസ് എടുക്കണമെന്നാണ് വിദ്യയുടെ സ്വപ്നം. വർഷയ്ക്ക് ഡോക്ടറും. ബി.എസ്‌സി പാസായ വിദ്യയെ സിവിൽ സർവീസ് കോച്ചിംഗിന് അയയ്ക്കണമെന്നുണ്ടായിരുന്നു. പണമില്ലാത്തതിനാൽ പി.എസ്.സി കോച്ചിംഗിന് വിട്ടു. ഒരു വർഷത്തിനകം ഓട്ടോറിക്ഷയുടെ വായ്പതീരും. പിന്നെ പണം ശരിയാക്കി സിവിൽ സർവീസ് കോച്ചിംഗിന് ചേർക്കാമെന്നാണ് പറഞ്ഞിരുന്നത്.
നീറ്റ് പരീക്ഷയിൽ തരക്കേടില്ലാത്ത റാങ്ക് നേടിയ വർഷയ്ക്ക് ബി.ഡി.എസിന് പ്രവേശനം ലഭിക്കുമായിരുന്നു. എന്നാൽ, മകളുടെ സ്വപ്നം പോലെ എം.ബി.ബി.എസ് എടുക്കണമെന്ന് പറഞ്ഞ് വീണ്ടും കോച്ചിംഗിന് ചേർക്കുകയായിരുന്നു. വീട്ടുചെലവിന് പോലും തികയാത്ത ശമ്പളം കൊണ്ട് മക്കളെ ഇനിയെങ്ങനെ പഠിപ്പിക്കുമെന്ന് സിന്ധുവിനറിയില്ല.
ചോർന്നൊലിക്കുന്ന വീട്
പഞ്ചായത്തിൽ നിന്ന് കിട്ടിയ ഒരു ലക്ഷംരൂപ കൊണ്ട് 16 വർഷം മുമ്പ് നിർമ്മിച്ചതാണ് മൂന്നു സെന്റിൽ രണ്ട് മുറികളും അടുക്കളയും മാത്രമുള്ള വേണുവിന്റെ വീട്. ആസ്ബറ്റോസ് ഷീറ്റ് മേൽക്കൂര പൊട്ടിപ്പൊളിഞ്ഞതിനാൽ ചെറിയ മഴയിലും ചോർന്നൊലിക്കും. മഴ പെയ്യുമ്പോൾ പുസ്തകങ്ങൾ മാറ്റിവയ്ക്കാൻ തങ്ങൾക്കൊപ്പം ഇനി അച്ഛനുണ്ടാവില്ലെന്ന വേദനയിലാണ് മക്കൾ.