ആർ.ശങ്കർ പ്രതിമയുടെ ഫലകം തകർത്ത നിലയിൽ

Saturday 08 November 2025 12:59 AM IST

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന ആർ.ശങ്കറിന്റെ 53-ാം ചരമവാർഷിക ദിനത്തിൽ പാളയത്തുള്ള പ്രതിമയുടെ ഫലകം തകർത്ത നിലയിൽ കണ്ടെത്തി. ആർ.ശങ്കറിനെ കുറിച്ച് മലയാളത്തിൽ എഴുതിയിരുന്ന ഗ്രാനൈറ്റ് ഫലകമാണ് തകർന്നത്. കോർപ്പറേഷൻ ഉദ്യോഗസ്ഥരാണ് ഫലകം തകർത്തതെന്ന് ആരോപിച്ചെത്തിയ കോൺഗ്രസ് നേതാക്കൾ,​ പ്രതിമയ്ക്ക് മുന്നിൽ ധർണ നടത്തി.

ആർ.ശങ്കറിന്റെ അനുസ്മരണത്തിന്റെ ഭാഗമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം ഇന്നലെ രാവിലെ പുഷ്പാർച്ചന നടത്താനെത്തിയപ്പോഴാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്ന പീഠത്തിന്റെ ഒരു വശത്തെ മൂന്നടിയോളം നീളമുള്ള ഫലകം തകർക്കപ്പെട്ടതായി കണ്ടത്. ഫലകം അടിച്ചുപൊട്ടിച്ചതുപോലെ കഷണങ്ങളായാണ് കിടക്കുന്നത്. എന്നാൽ, പ്രതിമ വൃത്തിയാക്കുന്നതിനിടെ ഇളകി വീണതെന്നാണ് കോർപ്പറേഷൻ അധികൃതരുടെ സംശയം.

പാർക്കിനുമുമ്പിൽ എൽ.ഇ.ഡി വാൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിയിരുന്നു. പാർക്കും പ്രതിമയും സംരക്ഷിക്കുന്നത് ആർ.ശങ്കർ ഫൗണ്ടേഷനാണ്. വ്യാഴാഴ്ച പ്രതിമ ഒരുക്കിയപ്പോൾ ഫലകം ഇളകിയത് ആരും കണ്ടിരുന്നില്ല.

എന്നാൽ,​ പാർക്കിൽ എൽ.ഇ.ഡി ബോർഡ് സ്ഥാപിക്കാൻ അനധികൃതമായി കടന്നുകയറിയാണ് നിർമ്മാണം നടത്തിയിരിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ചരമവാർഷിക ദിനത്തിൽ പോലും മുൻ മുഖ്യമന്ത്രിയെ അപമാനിക്കുന്ന സമീപനമാണ് കോർപ്പറേഷന്റേതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആർ.ശങ്കർ ഫൗണ്ടേഷന് പതിച്ചുകൊടുത്ത സ്ഥലത്ത് വികസന പ്രവർത്തനങ്ങളുടെ പേരിൽ കോർപ്പറേഷൻ കടന്നുകയറി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയും പ്രതിമ നശിപ്പിക്കുകയുമായിരുന്നു. അവിടെക്കയറി അതിക്രമം കാട്ടാൻ കോർപ്പറേഷന് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരത്തിന് പാലോട് രവി,​ ശരത്ചന്ദ്ര പ്രസാദ്,​ അഡ്വ.ജി.സുബോധൻ തുടങ്ങിയവർ നേതൃത്വം നൽകി.കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്,​ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി,​ കെ.മുരളീധരൻ, എം.എം.ഹസ്സൻ, എൻ.ശക്തൻ, എം.വിൻസന്റ് അടക്കമുള്ളവരും സ്ഥലത്തെത്തി പ്രതിഷേധിച്ചു. വിവിധ ഡി.സി.സികളുടെ നേതൃത്വത്തിൽ ഇന്നലെ 14 ജില്ലകളിലും പ്രകടനങ്ങൾ നടത്തി. നടപടിയാവശ്യപ്പെട്ട് ആർ.ശങ്കർ ഫൗണ്ടേഷൻ പ്രസിഡന്റ് ടി.ശരത്ചന്ദ്ര പ്രസാദ് മുഖ്യമന്ത്രിക്ക് പരാതി നൽകി. അന്വേഷിച്ചുവരികയാണെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു.

സർക്കാർ അടിയന്തരമായി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകും.

ശരത്ചന്ദ്ര പ്രസാദ്,​

ആർ.ശങ്കർ ഫൗണ്ടേഷൻ പ്രസിഡന്റ്