ജസ്റ്റിസ് കെ. ജോൺ മാത്യു അന്തരിച്ചു

Saturday 08 November 2025 12:12 AM IST

കൊച്ചി: കേരള ഹൈക്കോടതി മുൻജഡ്ജിയും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ ജസ്റ്റിസ് കെ. ജോൺ മാത്യു (93) അന്തരിച്ചു. മൃതദേഹം ഇന്ന് രാവിലെ 7.30ന് എറണാകുളം വീക്ഷണം റോഡിലുള്ള വസതിയിലെത്തിക്കും. 9.30മുതൽ സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രലിലെ എളംകുളം സെമിത്തേരി ചാപ്പലിൽ പൊതുദർശനം. 11.30ന് പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും.

പത്തനംതിട്ട മേപ്രാൽ കട്ടപ്പുറത്ത് കുടുംബാംഗമായ ജസ്റ്റിസ് ജോൺ മാത്യു 1954ൽ തിരുവല്ലയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 1959ൽ കൊച്ചിയിലെത്തി. ഗവ. പ്ലീഡറും കൊച്ചി സർവകലാശാല നിയമവകുപ്പിലെ വിസിറ്റിംഗ് ലക്ചററുമായി പ്രവർത്തിച്ചു. 1984ൽ ഹൈക്കോടതി ജഡ്ജിയായി. 1989ൽ കൂടുതൽ കേസുകൾ തീർപ്പാക്കിയതിന് ലിംക ബുക്ക് ഒഫ് റെക്കാർഡ്‌സിൽ ഇടംനേടി. കമ്പനിനിയമ അധികാരപരിധിയിൽ ഒരുദിവസം 607 കേസുകൾ അദ്ദേഹം തീർപ്പാക്കിയതും റെക്കാർഡായി. 1994ൽ വിരമിച്ചശേഷം സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകനായി. 2003വരെ ഡൽഹിയിൽ പ്രാക്ടീസുചെയ്തു. ധാതുമണൽഖനന പ്രത്യാഘാതങ്ങൾ പഠിക്കാൻ 2005ൽ സർക്കാർ രൂപീകരിച്ച കമ്മിഷൻ അദ്ധ്യക്ഷൻ, ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള സെലക്‌ഷൻ കമ്മിറ്റി ചെയർമാൻ, കൊച്ചിൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സെബിനോമിനി ഡയറക്ടർ/ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു.

മുത്തൂറ്റ് ഫിനാൻസ് സ്വതന്ത്രഡയറക്ടർ, പീപ്പിൾസ് കൗൺസിൽ ഫോർ സോഷ്യൽ ജസ്റ്റിസ് പ്രസിഡന്റ്, മലങ്കര ഓർത്തഡോക്‌സ് സുറിയാനിസഭ വർക്കിംഗ് കമ്മിറ്റി അംഗം, പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രി, തലക്കോട് സെന്റ് മേരീസ് ബോയ്സ് ഹോം ബോർഡ് അംഗം എന്നീ പദവികളും വഹിച്ചു. കാർഡിയോളജിക്കൽ സൊസൈറ്റി ഒഫ് ഇന്ത്യ, കൊച്ചി ലിസി ആശുപത്രി, ലൂർദ് ആശുപത്രി എന്നിവയുടെ എത്തിക്‌സ് കമ്മിറ്റി തലവനുമായിരുന്നു.

ഭാര്യ: കുന്നംകുളം തെക്കേക്കര കുടുംബാംഗം പരേതയായ ഗ്രേസി. മക്കൾ: സൂസൻ അജിത് , മേരി ജോയ്, ആനി തോമസ്. മരുമക്കൾ: അജിത് മാത്യു പുള്ളിപ്പടവിൽ (റിട്ട. എച്ച്.എൻ.എൽ), എൻ.ജെ. ജോയ് നടുപ്പറമ്പിൽ (ചാർട്ടേഡ് അക്കൗണ്ടന്റ്), തോമസ് ഐസക് മഠത്തിമ്യാലിൽ (ബിസിനസ്).