മെ‌ഡി. കോളേജുകളിൽ 13ന് ഡോക്ടർമാർ പണിമുടക്കും

Saturday 08 November 2025 12:21 AM IST

തിരുവനന്തപുരം : നാലു മാസമായി തുടരുന്ന സൂചനാസമരം ഫലം കാണാതെ വന്നതോടെ, മെഡിക്കൽ കോളേജ് ഡോക്ടർമാർ പണിമുടക്കിലേക്ക്. 13ന് അത്യാഹിത വിഭാഗമൊഴികെ മറ്റെല്ലാ സേവനങ്ങളിൽ നിന്നും ഡോക്ടർമാർ വിട്ടു നിൽക്കുമെന്ന് കേരള ഗവ.മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) ഭാരവാവാഹികൾ അറിയിച്ചു.

ഒ.പികൾ,വാർഡുകൾ,ഓപ്പറേഷൻ തീയേറ്റർ,വിദ്യാർത്ഥികളുടെ ക്ലാസുകൾ, മറ്റ് യോഗങ്ങൾ എന്നിവിടങ്ങളിൽ ഡോക്ടർമാർ അന്ന് എത്തില്ല. അത്യാഹിതവിഭാഗം,അടിയന്തര ഓപ്പറേഷൻ തീയേറ്റർ, ലേബർ റൂം, മോർച്ചറി എന്നിവിടങ്ങളിൽ മാത്രമായി സേവനം പരിമിതപ്പെടുത്തും.ജൂലായ് ഒന്നു മുതൽ വ്യത്യസ്തങ്ങളായ പ്രതിഷേധങ്ങൾ നടത്തുന്നുണ്ട്. എന്നാൽ സർക്കാർ സമീപനം മെഡിക്കൽ കോളേജ് ഡോക്ടർമാരോടുള്ള വെല്ലുവിളിയാണെന്ന് കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ.ടി.റോസനാര ബീഗവും ജനറൽ സെക്രട്ടറി ഡോ.സി.എസ്.അരവിന്ദും അറിയിച്ചു. മൂന്നാഴ്ചയായി ഓരോ ദിവസം ഒ.പി ബഹിഷ്കരണം ഉൾപ്പെടെ നടത്തിയിട്ടും സർക്കാർ ചർച്ചയ്ക്ക് പോലും തയ്യാറാകുന്നില്ല. മുതിർന്ന ‌‌ഡോക്ടർമാർ ഒ.പി ബഹിഷ്കരിക്കുമ്പോൾ പി.ജി ഡോക്ടർമാരെയും ഹൗസ്സർജൻമാരെയും ഉപയോഗിച്ച് ബദൽ സംവിധാനമൊരുക്കുകയാണ്. ജില്ലാ ജനറൽ ആശുപത്രിയിലെ ‌ഡോക്ടർമാർ വിദഗ്ദ്ധ ചികിത്സയ്ക്ക് അയക്കുന്ന രോഗികളെ വിദ്യാർത്ഥികൾ പരിശോധിക്കേണ്ടിവരുന്നത് രോഗികളെ കബളിപ്പിക്കലാണെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി.