ചൊവ്വാഴ്ച മുതല്‍ പുതിയ വന്ദേഭാരത് സര്‍വീസ്; ആകെ 11 സ്റ്റേഷനുകളില്‍ സ്റ്റോപ്പ്

Friday 07 November 2025 9:54 PM IST

കൊച്ചി: കേരളത്തിലെ മൂന്നാം വന്ദേഭാരത് ട്രെയിന്‍ നവംബര്‍ 11 (ചൊവ്വാഴ്ച) മുതല്‍ സര്‍വീസ് ആരംഭിക്കും. ദക്ഷിണ റെയില്‍വേ ആണ് ഇക്കാര്യം അറിയിച്ചത്. പുതിയ ട്രെയിനിന്റെ സമയക്രമം, സ്റ്റോപ്പുകള്‍ എന്നിവയും റെയില്‍വേ പുറത്തുവിട്ടു. കൊച്ചി - ബംഗളൂരു - കൊച്ചി വന്ദേഭാരത് (26651/26652) ആഴ്ചയില്‍ ആറ് ദിവസമാണ് സര്‍വീസ് നടത്തുക. എറണാകുളം ജംഗ്ഷനില്‍ നിന്ന് കെഎസ്ആര്‍ ബംഗളൂരു സ്റ്റേഷനിലേക്കാണ് ട്രെയിന്‍ സര്‍വീസ് നടത്തുക.

നവംബര്‍ 11ന് ബംഗളൂരുവില്‍ നിന്നാണ് ആദ്യ സര്‍വീസ് ആരംഭിക്കുന്നത്. പുലര്‍ച്ചെ അഞ്ച് മണിക്ക് ബംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.50ന് എറണാകുളം ജംഗ്ഷനില്‍ എത്തും. മടക്കയാത്രയില്‍ ഉച്ചയ്ക്ക് 2.20ന് എറണാകുളം ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട് രാത്രി 11 മണിക്ക് ബംഗളൂരുവില്‍ തിരികെ എത്തും. എറണാകുളത്തിനും ബംഗളൂരുവിനും ഇടയില്‍ 11 സ്റ്റോപ്പുകള്‍ മാത്രമാണുള്ളത്. ഇതില്‍ കേരളത്തില്‍ മൂന്ന് സ്റ്റേഷനുകളിലാണ് സ്റ്റോപ്പുള്ളത്. തൃശൂര്‍, ഷൊര്‍ണൂര്‍ ജംഗ്ഷന്‍, പാലക്കാട് ജംഗ്ഷന്‍ (ഒലവക്കോട്) എന്നിവയാണ് കേരളത്തിലെ സ്‌റ്റോപ്പുകള്‍.

പൊദന്നൂര്‍, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ടൈ, കൃഷ്ണരാജപുരം, കെഎസ്ആര്‍ ബംഗളൂരു എന്നിവയാണ് മറ്റ് സ്റ്റോപ്പുകള്‍. പതിനായിരക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുകയും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ജീവിക്കുകയും ചെയ്യുന്ന ബംഗളൂരുവിലേക്ക് കേരളത്തില്‍ നിന്ന് വന്ദേഭാരത് സര്‍വീസ് വേണമെന്നത് ദീര്‍ഘകാലമായുള്ള ആവശ്യമാണ്. ഉത്സവ സീസണുകളില്‍ സ്വകാര്യ ബസ് ലോബികള്‍ വന്‍ കൊള്ള നടത്തുന്നതിന് പുതിയ വന്ദേഭാരത് സര്‍വീസ് ആരംഭിക്കുന്നതോടെ അവസാനമാകുമെന്നാണ് കരുതപ്പെടുന്നത്.