തൃക്കാക്കരയിലെ സീറ്റ്: പിന്നോട്ടില്ലെന്ന് സി.പി.എം, ഒറ്റയ്‌ക്കും തയ്യാറെന്ന് സി.പി.ഐ
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നേയുള്ള സീറ്റ് ചർച്ചകളുമായി ബന്ധപ്പെട്ട് തൃക്കാക്കരയിലെ സി.പി.എം- സി.പി.ഐ പോരിന് അറുതിയില്ല. സീറ്റുകൾ വിട്ടുകൊടുത്ത് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ലെന്ന് സി.പി.ഐ പ്രഖ്യാപിച്ചു. സി.പി.ഐ മത്സരിച്ച വാർഡുകളിൽ ഒന്ന് ഏറ്റെടുത്തശേഷം അവർക്ക് വിജയ സാദ്ധ്യതയുള്ള മറ്റൊരു സീറ്റ് നൽകാമെന്ന് നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് സി.പി.എമ്മും ഇന്നലെ വ്യക്തമാക്കി.
സീറ്റ് വിട്ടുകൊടുക്കണമെന്നത് സി.പി.എമ്മിന്റെ പിടിവാശിയാണെന്നും ഇരു പാർട്ടികളും തമ്മിൽ സംസ്ഥാന തലത്തിൽ ഉണ്ടാക്കിയ സീറ്റ് വിഭജന ധാരണകൾക്ക് വിരുദ്ധമാണ് ആവശ്യമെന്നും സി.പി.ഐ തൃക്കാക്കര മണ്ഡലം സെക്രട്ടറി കെ.കെ. സന്തോഷ് ബാബു കേരളകൗമുദിയോട് പറഞ്ഞു.
മാമ്പിള്ളിപ്പറമ്പ്, സഹകരണ റോഡ് വാർഡുകളിൽ 2010ൽ തോറ്റ സി.പി.ഐ 2015ൽ രണ്ടിലും വിജയിച്ചു. 2021ൽ വനിതാ സംവരണമായി മാറിയ സീറ്റിൽ സിറ്റിംഗ് കൗൺസിലറായിരുന്ന ജിജോ ചിങ്ങന്തറയെ മത്സരിപ്പിക്കാൻ സി.പി.ഐയ്ക്കായില്ല. സീറ്റില്ലാതെ വന്നതോടെ സി.പി.എമ്മിലേക്ക് ചേക്കേറിയ അദ്ദേഹം മരോട്ടിച്ചുവട് വാർഡിൽ നിന്ന് മത്സരിച്ച് ജയിച്ചിരുന്നു. ജിജോയ്ക്ക് വേണ്ടിയാണ് സി.പി.എം നിലവിൽ സീറ്റ് വിലപേശൽ നടത്തുന്നതെന്നാണ് സി.പി.ഐയുടെ ആരോപണം.
സഹകരണ റോഡും മാമ്പിള്ളിപ്പറമ്പും ചേർന്നുണ്ടായ പുതിയ വാർഡാണ് സി.പി.എം ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് ഇനിയൊരു ചർച്ചയില്ലെന്നും വാർഡ് വിട്ടുനൽകില്ലെന്നും സി.പി.ഐ ആവർത്തിക്കുന്നു. സി.പി.ഐ തോറ്റ വാർഡ് ഏറ്റെടുക്കുമ്പോൾ പകരം നൽകുന്നത് സി.പി.എം ജയിച്ച വാർഡാണെന്ന് മറക്കരുതെന്ന് സി.പി.എമ്മും ഓർമ്മിപ്പിക്കുന്നു.
40 ഇടത്ത് സി.പി.എം? 48 വാർഡുകൾ ഉള്ള നഗരസഭയിൽ ആറ് സീറ്റുകൾ സി.പി.ഐയ്ക്കും ഓരോ സീറ്റ് വീതം എൻ.സി.പിക്കും കോൺഗ്രസ് എസിനുമാണ്. കേരള കോൺഗ്രസ് എം, ആർ.ജെ.ഡി., ജനതാദൾ എന്നീ ഘടകകക്ഷികൾക്ക് സീറ്റ് നൽകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. അങ്ങനെ വന്നാൽ ബാക്കിയുള്ള 40 സീറ്റുകളിലും സി.പി.എമ്മാകും മത്സരിക്കുക.
സി.പി.ഐയുമായി ഭിന്നതകളില്ല. എന്നാൽ, മുന്നോട്ട് വെച്ച നിർദ്ദേശത്തിൽ നിന്ന് പിന്നോട്ട് പോകാൻ സി.പി.എമ്മിനാകില്ല. അഡ്വ.എ.ജി. ഉദയകുമാർ സി.പി.എം തൃക്കാക്കര ഏരിയാ സെക്രട്ടറി
സി.പി.ഐ നിലപാട് നേരത്തെ പറഞ്ഞതാണ്. സീറ്റ് വിട്ടു നൽകിയുള്ള ചർച്ചകൾക്കില്ല. കെ.കെ. സന്തോഷ് ബാബു സി.പി.ഐ തൃക്കാക്കര മണ്ഡലം സെക്രട്ടറി