ഇടുക്കിയിലെ ആ നിയന്ത്രണം പിൻവലിച്ചു; ഇനി എല്ലാ സഞ്ചാരികൾക്കും അവസരം,​ ദിവസവും 3750 പേർക്ക് അനുമതി

Friday 07 November 2025 9:59 PM IST

ഇടുക്കി: സഞ്ചാരികൾക്ക് ഇടുക്കി ആർച്ച് ഡാം ഇനി നടന്ന് കാണാം. മന്ത്രി റോഷി അഗസ്റ്റിൻ കാൽ നടയാത്രയ്ക്കുള്ള ടിക്കറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു. ഇടുക്കിയിലെത്തുന്ന സഞ്ചാരികളുടെ വർദ്ധനവ് കണക്കിലെടുത്തും എല്ലാ സഞ്ചാരികൾക്കും ഡാം കാണാൻ അവസരം ലഭിക്കണമെന്നതും പരിഗണിച്ചാണ് അനുമതി നൽകാൻ തീരുമാനിച്ചത്. കർശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് സന്ദർശന അനുമതി നൽകിയിട്ടുള്ളത്.

എട്ട് ബഗ്ഗി കാർ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ദിവസവും 3750 പേർക്കാണ് സന്ദർശനാനുമതിയുള്ളത്. 2500 പേർക്ക് ഓൺലൈൻ മുഖേന കാൽനടയാത്രക്കും, 1248 പേർക്ക് ബഗ്ഗികാർ സേവനം പ്രയോജനപ്പെടുത്തിയും ഡാം സന്ദർശിക്കാം. ഓൺലൈൻ ബുക്കിംഗിൽ യാത്രക്കാർ പൂർണമായില്ലെങ്കിൽ സ്‌പോട്ട് ടിക്കറ്റിംഗ് സംവിധാനവും പ്രയോജനപ്പെടുത്താം. സന്ദർശന സമയം: രാവിലെ 10 മുതൽ വൈകുന്നേരം 3.30വരെ

കാൽനട യാത്രയ്ക്ക് മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 30 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ബഗ്ഗികാർ യാത്രയ്ക്ക് ഒരാൾക്ക് 150 രൂപയാണ്. ടിക്കറ്റുകൾ www.keralahydeltourism.com എന്ന വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാം

വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി, മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി പ്രിൻസിപ്പൽ സെക്രട്ടറി, കെ.എസ്.ഇ.ബി ബോർഡ് ചെയർമാൻ, ഹൈഡൽ ടൂറിസം ഡയറക്ടർ, ജില്ലാ കളക്ടർ മറ്റ് ജനപ്രതിനിധികൾ എന്നിവർ നടത്തിയ നിരന്തര ചർച്ചകളെ തുടർന്നാണ് കാൽനട യാത്രയ്ക്ക് അനുമതി ലഭ്യമായത്.

ഇന്നലെ വരെ ബഗ്ഗി കാറുകളിൽ മാത്രമായിരുന്നു സഞ്ചാരികൾക്ക് സന്ദർശനാനുമതി നൽകിയിരുന്നത്. നിലവിൽ 30വരെയാണ് അനുമതി . ചെറുതോണി ഡാമിന്റെ പ്രവേശന കവാടത്തിനു സമീപം ടിക്കറ്റ് കൗണ്ടറും ക്രമീകരിച്ചിട്ടുണ്ട്. ഓൺലൈൻ ബുക്കിങ്ങിനു ശേഷം സീറ്റുകൾ ഒഴിവുണ്ടെങ്കിലും ഇവിടെ നിന്നും ടിക്കറ്റ് കരസ്ഥമാക്കാം. മന്ത്രി റോഷി അഗസ്റ്റിനിൽ നിന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോസ് കുഴിക്കണ്ടം ടിക്കറ്റ് ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. സത്യൻ, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ജില്ലാ പൊലീസ് മേധാവി സാബു മാത്യു, ഹൈഡൽ ടൂറിസം സെന്റർ സീനിയർ മാനേജർ ജോയൽ തോമസ്, എന്നിവരും മന്ത്രിക്കൊപ്പം ഡാം സന്ദർശനം നടത്തി.