ഉടമയറിയാതെ 'വസ്തു' പണയംവച്ച് ഉദ്യോഗസ്ഥനടക്കം തട്ടിയത് 30 കോടി
കൊച്ചി: വായ്‌പ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് ആധാരവും മറ്റും കൈക്കലാക്കിയ സംഘം, ഇവ സ്വകാര്യ ബാങ്കിലെ ഉദ്യോഗസ്ഥന്റെ സഹായത്തോടെ പണയംവച്ച് 30 കോടി രൂപ തട്ടിയെടുത്തതായി പരാതി. എറണാകുളം കോലഞ്ചേരി സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. 49കാരൻ നൽകിയ പരാതിയിൽ എറണാകുളം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെ നിർദ്ദേശപ്രകാരം പുത്തൻകുരിശ് പൊലീസ് കേസെടുത്തു.
പട്ടിമറ്റം പഴന്തോട്ടം സ്വദേശിനിയായ 50കാരി, അങ്കമാലി സ്വദേശിയായ ദേശസാൽകൃത ബാങ്കിന്റെ സർക്കിൾ മാനേജർ എന്നിവരാണ് പ്രതികൾ. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോലഞ്ചേരി സ്വദേശി കേന്ദ്ര ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. 2023ലാണ് തട്ടിപ്പ് നടന്നത്. ജനുവരിയിൽ നാല് കോടി രൂപയോളം അടയ്ക്കണമെന്ന് കാട്ടി നോട്ടീസ് ലഭിച്ചപ്പോഴാണ് 49കാരൻ ചതി തിരിച്ചറിഞ്ഞത്.
കടംവീട്ടാൻ ഇറങ്ങി, കെണിയിലായി കാർഷിക വായ്പയുടെ ബാദ്ധ്യത തീർക്കാനായാണ് വീടും രണ്ട് ഭൂമിയും പണയപ്പെടുത്താൻ പരാതിക്കാരൻ തീരുമാനിച്ചത്. സ്വകാര്യ ബാങ്കിനെ സമീപിച്ചപ്പോൾ സിബിൽ സ്‌കോർ തിരിച്ചടിയായി. വായ്പക്ക് സിബിൽ സ്കോർ പ്രശ്നമില്ലെന്ന പരസ്യമാണ് 49കാരനെ കുടുക്കിയത്. വായ്‌പ ഉറപ്പുനൽകി പെരുമ്പാവൂർ സ്വദേശികൾ വസ്തുവിന്റെയും മറ്റ് രേഖകളുടെയും പകർപ്പുകളും പ്രോസസിംഗ് ചാർജായി 10,000 രൂപയും വാങ്ങി. തൊട്ടടുത്ത ദിവസം വീടിന്റെയും സ്ഥലത്തിന്റെയും ഫോട്ടോയെടുത്തു. മൂന്നാം ഘട്ടത്തിൽ പരാതിക്കാരനെ എറണാകുളത്തേയ്ക്ക് കൊണ്ടുപോയി മറ്റൊരാളെ പരിചയപ്പെടുത്തി.
ഏതാനും ദിവസങ്ങൾക്ക് ശേഷം ഒന്നും രണ്ടും പ്രതികൾ പരാതിക്കാരന്റെ വീട്ടിലെത്തി ഒരുകോടി രൂപ വായ്പ ഉറപ്പ് നൽകി യഥാർത്ഥ രേഖകൾ ഒപ്പിട്ടുവാങ്ങി. വൈകാതെ 30 ലക്ഷം രൂപ പാസായതായി അറിയിച്ചു. ഇത് പിൻവലിക്കുകയും തുക തിരിച്ചടയ്ക്കുകയും ചെയ്തെങ്കിലും വർഷങ്ങൾ കഴിഞ്ഞെത്തിയ നോട്ടീസ് കണ്ടപ്പോഴാണ് താൻ നൽകിയ രേഖകൾ ദുരുപയോഗം ചെയ്‌തെന്ന് തിരിച്ചറിഞ്ഞത്. സോണൽ ഓഫീസിൽ നിന്ന് വീണ്ടും ലഭിച്ച നോട്ടീസിലും പരാതിക്കാരൻ മാത്രമായിരുന്നു ഗ്യാരന്റിക്കാരൻ. ഇതോടെയാണ് എല്ലാം നാടകമായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. പൊലീസിനെ സമീപിച്ചെങ്കിലും കേസെടുത്തില്ല. തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു.
വായ്‌പയെടുക്കാൻ ബാങ്കിൽ പോയിട്ടേയില്ല. രേഖകളും മറ്റും വ്യാജമായി ചമച്ചാണ് പ്രതികൾ 30 കോടി തട്ടിയെടുത്തത്. ഇപ്പോൾ ജപ്തിയുടെ വക്കിലാണ്. പരാതിക്കാരൻ