ജസ്റ്റിസ് ജോൺ മാത്യു: തീർപ്പുകല്പിക്കുന്നതിൽ റെക്കാഡ് സൃഷ്ടിച്ച ന്യായാധിപൻ
കൊച്ചി: സംഭവ ബഹുലമായ ജീവിതയാത്രയ്ക്ക് വിരാമം കുറിച്ചാണ് ജസ്റ്റിസ് കെ. ജോൺ മാത്യുവിന്റെ വിടവാങ്ങൽ. കർത്തവ്യങ്ങൾ നിയമരംഗത്ത് മാത്രം ഒതുക്കി നിറുത്താതെ, സമൂഹത്തോട് ഇടപഴകിയ ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം.
നീതിപീഠത്തിലിരിക്കെ ഭരണഘടനയുടെ തത്വങ്ങൾ ഉയർത്തിപ്പിടിച്ച് ജസ്റ്റിസ് ജോൺ മുന്നോട്ടുപോയി. നീതി വൈകുന്നതുകൊണ്ട് നീതി നിഷേധിക്കപ്പെടരുതെന്ന നിർബന്ധബുദ്ധിയോടെ പ്രവർത്തിച്ചു. കേസുകൾ തീർപ്പാക്കുന്നതിലെ ഗതിവേഗം അതിന്റെ സാക്ഷ്യമാണ്. 1989ൽ 209 പ്രവൃത്തിദിനങ്ങളിലായി 28,221 കേസുകൾ തീർപ്പാക്കിയാണ് ജസ്റ്റിസ് ജോണിന്റെ പേര് ലിംക ബുക്ക് ഒഫ് റെക്കാഡ്‌സിൽ ഇടംനേടിയത്. അതേവർഷം ജൂണിൽ നാലു ദിവസത്തിനിടെ 2019 കേസുകളിൽ തീർപ്പുകൽപ്പിച്ചതും കമ്പനി അധികാരപരിധിയിൽ ഒരുദിവസം 607 കേസുകൾ അദ്ദേഹം തീർപ്പാക്കിയതും റെക്കാഡായി. കോടതികളിൽ ഓൺലൈൻ സംവിധാനങ്ങൾ നിലവിൽ വരുന്നതിന് ഏറെ മുന്നേയാണ് നേട്ടം.
കരിമണൽ ഖനന വിവാദം കത്തിനിൽക്കുന്ന സമയത്താണ് സർക്കാർ ജസ്റ്റിസ് ജോണിന്റെ നേതൃത്വത്തിൽ ജുഡീഷ്യൽ കമ്മിഷന് രൂപീകരിച്ചത്. ധാതുമണൽ ഖനനത്തിന്റെ പ്രത്യാഘാതങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകുകയായിരുന്നു ദൗത്യം. നിയന്ത്രിത ഖനനമാണ് കമ്മിഷൻ ശുപാർശ ചെയ്തത്. കേരളതീരം സ്വകാര്യ കമ്പനികൾക്ക് തീറെഴുതുന്നുവെന്ന പേരിൽ ഉയർന്ന പ്രതിഷേധം തണുപ്പിക്കാൻ നിർദ്ദേശം സഹായകമായി.
യുവ അഭിഭാഷകനായി 1950കളിൽ തിരുവല്ലയിൽ പ്രാക്ടീസ് ആരംഭിച്ച ജോൺ മാത്യു അഞ്ചുവർഷത്തിന് ശേഷം കൊച്ചിയിലേക്ക് പ്രവർത്തനമേഖല മാറ്റിയതാണ് വഴിത്തിരിവായത്. ന്യായാധിപ പദവിയിലായിരുന്നപ്പോഴും അഭിഭാഷക വൃത്തിയോടുള്ള സ്നേഹം കൈവെടിഞ്ഞില്ല. ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ശേഷം പരമോന്നത കോടതിയിൽ അഭിഭാഷകനായി 70 വയസുവരെ പ്രവർത്തിച്ചു.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുമായി ചേർന്ന് സാമുദായികരംഗത്തും ആതുരാലയങ്ങളുമായി ചേർന്ന് ചികിത്സാ ധാർമ്മികതയുടെ രംഗത്തും പീപ്പിൾസ് കൗൺസിൽ ഫോർ സോഷ്യൽ ജസ്റ്റിസുമായി ചേർന്ന് മനുഷ്യാവകാശ രംഗത്തും അദ്ദേഹം പ്രവർത്തിച്ചു. മനുഷ്യസ്നേഹിയെന്ന നിലയിലും നീതിമാനെന്ന നിലയിലും പതിറ്റാണ്ടുകൾ മാതൃകയായി നിലകൊണ്ട ന്യായാധിപനാണ് അദ്ദേഹമെന്ന് സഹപ്രവർത്തകർ പറഞ്ഞു.