തിരഞ്ഞെടുപ്പ് ചൂടിലേയ്‌ക്ക്
കൊച്ചി: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിരിക്കെ ജില്ലയിലെ ഒരുക്കങ്ങൾ തകൃതി. ജില്ലാ കളക്ടറുടെയും ഇലക്ഷൻ ഡെപ്യൂട്ടി കളക്ടറുടെയും നേതൃത്വത്തിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മേയർ, ഡെപ്യൂട്ടി മേയർ, സ്റ്റാൻഡിംഗ് കമ്മിറ്റികൾ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാർ തുടങ്ങിയവരെ തിരഞ്ഞെടുക്കുന്നതിനുള്ള റിട്ടേണിംഗ് ഓഫീസർമാർ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ തുടങ്ങിയവർക്കുള്ള പരിശീലനം കളക്ടറേറ്റ് കേന്ദ്രീകരിച്ച് പൂർത്തിയായി.
13 മുതൽ ബ്ലോക്ക് ലെവൽ റിസോഴ്‌സ് ഗ്രൂപ്പിനുള്ള പരിശീലനം നൽകും. 200ലേറെ പേരാണ് ഇതിനായി നിയോഗിക്കപ്പെട്ടത്. അവർ ബ്ലോക്കുകളിലെ ഇലക്ഷൻ നടപടികൾ, അവിടുത്തെ ജീവനക്കാർക്കുള്ള പരിശീലനം എന്നിവ നൽകും.
ഒരുക്കങ്ങൾ തകൃതി
14,15 തീയതികളിലായി സെക്ടറൽ ഓഫീസർമാർക്ക് പരിശീലനം നൽകും. മൂന്നോ നാലോ പോളിംഗ് സ്‌റ്റേഷനിൽ ഒരു സെക്ടറൽ ഓഫീസർക്കാകും ചുമതല. അവിടെയുണ്ടാകുന്ന പ്രശ്‌നങ്ങൾ, വോട്ടിംഗ് മെഷീൻ തകരാറുകളുടെ പരിഹാരം, വോട്ടിംഗ് മെഷീനുകൾ സജ്ജമാക്കുക, പ്രിസൈഡിംഗ് ഓഫീസർ പോളിംഗ് ഓഫീസർ എന്നിവർക്കുള്ള സംശയങ്ങൾ ദൂരീകരിക്കുക ഇതെല്ലാം സെക്ടറൽ ഓഫീസറുടെ ഉത്തരവാദിത്വമാണ്.
21ന് മുമ്പായി പോളിംഗ് ഉദ്യോഗസ്ഥർക്ക് ( മൂന്ന് പോളിഗ് ഓഫീസർ, ഒരു പ്രിസൈഡിംഗ് ഓഫീസർ) പരിശീലനം നൽകും. ഇതോടെ പരിശീലന പരിപാടികൾ അവസാനിക്കും. ഇതിനൊപ്പം പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പോസ്റ്റിംഗ് ഓർഡർ നൽകും.
ബൂത്ത് സജ്ജീകരണം പോളിംഗ് ഡ്യൂട്ടി അനുവദിച്ച ശേഷം പോളിംഗ് ഉദ്യോഗസ്ഥർക്ക് വീണ്ടും പരിശീലനം നൽകും. പിന്നിട് ബൂത്ത് സജ്ജീകരണമാണ്. അതത് സ്ഥലങ്ങളിലെ റിട്ടേണിംഗ് ഓഫീസർമാർ (ആർ.ഒ) മുഖേനയാകും പോളിംഗ് ബൂത്ത് സജ്ജീകരണം നടക്കുക. ഇവർ ബൂത്തുകൾ പരിശോധിച്ച് തയാറാണ് എന്ന് കളക്ടർക്ക് റിപ്പോർട്ട് നൽകണം. ബൂത്ത് പ്രശ്‌ന ബാധിതമോ എന്നത് ഉൾപ്പെടെ ഇവരുടെ റിപ്പോർട്ടിലുണ്ടാകും.
ജില്ലയിലെ തദ്ദേശ സ്ഥാപനം, എണ്ണം, പ്രതിനിധികൾ
ജില്ലാ പഞ്ചായത്ത് -----01-----27 ബ്ലോക്ക് പഞ്ചായത്തുകൾ-------14-----185 നഗരസഭ------13------421 കോർപ്പറോഷൻ-------01-------74 പഞ്ചായത്ത്-----82-----1338 ആകെ------111------2,045
ജില്ലയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സജീവമായി നടക്കുകയാണ്. പരിശീലനങ്ങൾ ചിട്ടയോടെ പൂർത്തീകരിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ജോസഫ് ആന്റണി ഹെർട്ടിസ് എറണാകുളം ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം