കൊയിലാണ്ടി മുനിസിപ്പാലിറ്റി പടക്കളത്തിൽ തീപാറും 

Saturday 08 November 2025 12:15 AM IST

കൊയിലാണ്ടി: കേരള ഗാന്ധി കെ.കേളപ്പൻ, സി.കെ.ഗോവിന്ദൻ (സി.കെ.ജി), ബാഫഖി തങ്ങൾ, ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ, തൃക്കോട്ടൂർ പെരുമയുടെ കഥാകാരൻ യു.എ.ഖാദർ.. മഹാരഥൻമാർക്ക് ജന്മം നൽകിയ കൊയിലാണ്ടി സാഹിത്യ - സാംസ്‌കാരിക രംഗത്തെന്നപോലെ രാഷ്ട്രീയത്തിലും ഏറെ ച‌ർച്ച ചെയ്യുന്ന ഭൂപ്രദേശമാണ്. മാറി മറയുന്ന രാഷ്ട്രീയ സമവാക്യങ്ങളും പാർട്ടികൾക്കുള്ളിലെ പടല പിണക്കങ്ങളും കൊയിലാണ്ടിയെ എന്നും രാഷ്ട്രീയ ചർച്ചകളിൽ സജ്ജീവമാക്കി നിർത്തി. വർഷങ്ങളോളം പഞ്ചായത്തായിരുന്ന കൊയിലാണ്ടി 1993ലാണ് നഗരസഭയാവുന്നത്. നഗര ഭരണസ്ഥാന പദവിയിൽ എത്തിയെങ്കിലും ജനകീയ ഭരണ സംവിധാനം പിറവി കൊണ്ടത് 1995ലാണ്. അന്നു മുതൽ അഞ്ചു തവണയും നഗരസഭാ ഭരണം കൈയടക്കിവാഴുകയായിരുന്ന എൽ.ഡി.എഫ് ഒരുപക്ഷത്തും മറുപക്ഷത്ത് ആർ.എം.പി.ഐ അടങ്ങിയ യു.ഡി.എഫും ബി.ജെ.പിയും സജീവമാണ്. 44 സീറ്റുകളിലാണ് കഴിഞ്ഞ തവണ മത്സരം നടന്നത്. ഇത്തവണ 46 ആയി. വികസനവും വിവാദവും കളം നിറഞ്ഞാടുന്ന സാഹചര്യത്തിൽ ആര് വാഴും വീഴും എന്നത് പ്രവചനാതീതം. സമഗ്ര കുടിവെള്ള പദ്ധതി, ഷോപ്പിംഗ് കോപ്ലക്‌സ്, മിനി പാർക്കുകൾ ജനക്ഷേമകരമായ നിരവധി പദ്ധതികൾ നിരത്തിയാണ് ഇടതുപക്ഷം നീങ്ങുന്നത്. എല്ലാത്തിലും അഴിമതിയും കെടുകാര്യസ്ഥതയും ആരോപിച്ചാണ് യു.ഡി.എഫ് നേർക്കുനേർ പോരാട്ടത്തിന് ഉറച്ചിരിക്കുകയാണ്. കേന്ദ്ര പദ്ധതിയിലാണ് ബി.ജെ.പിയുടെ പ്രതീക്ഷ.

കക്ഷി നില

എൽ.ഡി.എഫ് - 25

യു.ഡി.എഫ് - 16

എൻ.ഡി.എ - 3

വാ‌ർഡ്- 44

(2020)

വാ‌ർഡ്- 46

(2025)

ഇത് പഴയ കൊയിലാണ്ടിയല്ല പുതിയ നഗരമാണ് സുധ കിഴക്കെപ്പാട്ട്, നഗരസഭ ചെയർപേഴ്‌സൺ

ഒരിക്കലും നടക്കില്ലെന്ന് കരുതിയ പദ്ധതികളാണ് നഗരസഭ വിജയകരമായി നടപ്പിലാക്കിയത്. ഓരോ വിഭാഗത്തിനും അർഹമായത് കൈകളിലെത്തിച്ചാൽ അങ്ങേയറ്റം സംതൃപ്തി നല്കുന്നതാണ്. ഇതിന് പുറമെ പൊതുവായി വികസന രംഗത്ത് വൻ കുതിച്ച് ചാട്ടമാണ് ഉണ്ടായത്. നഗരസഭയിലെ ഓരോ വീട്ടിലും കുടിവെള്ളം എത്തിക്കുന്ന പദ്ധതി, പാർക്കുകൾ, ഓപ്പൺ സ്‌റ്റേജ്, കുളം ഏറ്റെടുത്ത് നവീകരിക്കൽ, മുഴുവൻ ഇട റോഡുകളും ടാറിംഗ് ഇങ്ങനെ പോകുന്നു വികസന പദ്ധതികൾ.

വികസനം വാക്കുകളിൽ മാത്രം പി.രത്‌നവല്ലി, പ്രതിപക്ഷ നേതാവ്

നടപ്പിലാക്കിയതിൽ എല്ലാം അഴിമതി. പറഞ്ഞ കാര്യങ്ങൾ ഒന്നും നടപ്പാക്കിയില്ല. വികസനമെല്ലാം വാക്കുകളിൽ മാത്രമാണ്. ശ്മശാനം, അറവുശാല എന്നിവയെല്ലാം പാഴ്വാക്കായി. താലൂക്ക് ആശുപത്രിയിൽ അസൗകര്യങ്ങൾ മാത്രം 'അഴിമതിയും കെടുകാര്യസ്ഥതയും വാഗ്ദാന ലംഘനവും മുൻനിർത്തിയാണ് ഇത്തവണ പ്രചാരണം നടത്തുക. 30 വർഷം കൊണ്ട് കൊയിലാണ്ടിയെ പിറകോട്ടടിപ്പിച്ച എൽ.ഡി.എഫിനുള്ള തിരിച്ചടിയാവും ഈ തിരഞ്ഞെടുപ്പ്.

മോദിയുടെ കൊടുങ്കാറ്റ് കൊയിലാണ്ടിയിലേക്കും

കെ.ക.വൈശാഖ് (ബി.ജെ.പി കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ്)

ബി.ജെ.പിയെ കടലോരപാർട്ടിയായി മുദ്രകുത്തിയവരെ ഞെട്ടിപ്പിക്കുന്ന ഇടപെടലായിരിക്കും ഇത്തവണ. ഒരു കൊടുങ്കാറ്റുപോലെ കൊയിലാണ്ടിയിൽ ആഞ്ഞടിക്കും. കഴിഞ്ഞ തവണ പലയിടത്തും രണ്ടാം സ്ഥാനത്തുണ്ടായിരുന്നു. അതെല്ലാം ഇത്തവണ ഒന്നാം സ്ഥാനത്തേക്ക് വരും. നഗരസഭനടപ്പിലാക്കിയ പദ്ധതികൾ ഭൂരിഭാഗവും കേന്ദ്രാവിഷ്‌കൃത പദ്ധതികളാണ്. അത് മറച്ച് വെച്ചാണ് നഗരസഭ പ്രചാരണം നടത്തിയത്. ആരോഗ്യരംഗം, വഴിയോര വിശ്രമ കേന്ദ്രം, കുളം നവീകരണം തുടങ്ങിയവ കേന്ദ്ര ഫണ്ടാണ്. ഇതെല്ലാം പ്രചരണ രംഗത്ത് ഉന്നയിക്കും.