'ഹാൽ' സിനിമയിൽ ആശങ്കപ്പെടാനെന്തെന്ന് ഹൈക്കോടതി
കൊച്ചി: 'ഹാൽ" സിനിമ എങ്ങനെയാണ് ആശങ്കപ്പെടുത്തുന്നതെന്ന് സെൻസർ ബോർഡിനോട് ഹൈക്കോടതി. ബോർഡിന്റെ ആശങ്കകളുടെ അടിസ്ഥാനത്തിലാണോ സിനിമയുടെ സെൻസറിംഗ് തീരുമാനിക്കുന്നത്?. ആശങ്കയുടെ പേരിൽ എങ്ങനെ സിനിമയിലെ രംഗങ്ങൾ മുറിച്ചു മാറ്റാനാവുമെന്നും ജസ്റ്റിസ് വി.ജി. അരുൺ വാദത്തിനിടെ ചോദിച്ചു.
സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ ചില ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന സെൻസർ ബോർഡ് നിർദ്ദേശം ചോദ്യം ചെയ്ത് ഹാൽ സിനിമാപ്രവർത്തകർ നൽകിയ ഹർജിയിലാണ് കോടതി ഇക്കാര്യങ്ങൾ ആരാഞ്ഞത്. സിനിമയിലെ ചില രംഗങ്ങൾ പൊതുക്രമത്തിന് വിരുദ്ധവും ആശങ്കപ്പെടുത്തുന്നതുമാണെന്ന് ബോർഡ് വാദിച്ചപ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. വാദംപൂർത്തിയാക്കിയ കോടതി , അടുത്ത വെള്ളിയാഴ്ച വിധിപറയാനായി മാറ്റി.
സിനിമയിലെ കഥാപാത്രങ്ങൾ വ്യത്യസ്ത വേഷം ധരിച്ചു വരുന്നതിനെ മതപരമായി കാണുന്നതെങ്ങനെയെന്നും മതസ്ഥാപനത്തിന്റെ പേര് പ്രദർശിപ്പിച്ചതുകൊണ്ട് എന്താണ് കുഴപ്പമെന്നും കോടതി ആരാഞ്ഞു.സിനിമ 'ലക്ഷ്മണരേഖ ലംഘിച്ചു" എന്നായിരുന്നു സെൻസർ ബോർഡിനു വേണ്ടി അഡീ. സോളിസിറ്റർ ജനറലിന്റെ വാദം. ലവ് ജിഹാദിനെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു പ്രത്യേക വിഭാഗത്തെ വ്രണപ്പെടുത്തുന്ന രീതിയിലുള്ളതാണ് സിനിമ. എല്ലാവർക്കും ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ടെങ്കിലും അത് നിയന്ത്രണങ്ങൾക്ക് വിധേയമാണ്. ആവശ്യമായ ഘട്ടങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തങ്ങൾക്ക് അധികാരവും ബാദ്ധ്യതയുമുണ്ടെന്ന് സെൻസർ ബോർഡ് അറിയിച്ചു.പതിനഞ്ചോളം കട്ടുകൾ വേണമെന്ന ബോർഡ് നിർദ്ദേശം സിനിമയുടെ കഥാഗതി തന്നെ മാറ്റുമെന്ന് ചൂണ്ടിക്കാട്ടി നിർമ്മാതാവ് ജൂബി തോമസും സംവിധായകൻ മുഹമ്മദ് റഫീഖും നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹർജി പരിഗണിക്കുന്ന ജസ്റ്റിസ് വി.ജി. അരുൺ കക്ഷികളുടെ അഭിഭാഷകർക്കൊപ്പം സിനിമ കണ്ടിരുന്നു.