ദേവസ്വം മന്ത്രിയുടെ രാജിക്കായി 12 ന് കോൺ. സെക്രട്ടേറിയറ്റ് മാർച്ച്
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡും മന്ത്രിയും രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നവംബർ 12 ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന നേതാക്കളും തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകരും പങ്കെടുക്കും.
ഉത്സവകാലത്തിന്റെ മറവിൽ മോഷണത്തിനുള്ള സാഹചര്യം ബോർഡ് തന്നെ ഒരുക്കിയെന്നാണ് കോടതിയുടെ കണ്ടെത്തൽ. ശബരിമലയിൽ നടന്ന സ്വർണ്ണകൊള്ളയ്ക്ക് കുപ്രസിദ്ധ വിഗ്രഹ മോഷ്ടാവായ സുഭാഷ് കപൂറിന്റെ കവർച്ചയുമായി സാമ്യമുണ്ടെന്നാണ് കോടതി നിരീക്ഷിച്ചത്. പിന്നിൽ രാജ്യാന്തര കള്ളക്കടത്തുകാരുണ്ടെന്നു പോലും കോടതി സംശയിക്കുന്നു. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച അതീവ രഹസ്യമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. എൻ .വാസുവിനെ തലോടി ചോദ്യം ചെയ്താൽ സത്യം തെളിയില്ല. രാഷ്ട്രീയ നേതൃത്വത്തെ ഉടനടി ചോദ്യം ചെയ്യണം.
ആരോഗ്യരംഗത്തെ ദുരവസ്ഥ ഒരിക്കൽകൂടി വെളിപ്പെടുത്തുന്നതാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വേണു മരണമടഞ്ഞ സംഭവം. സർക്കാർ ആശുപത്രിയിൽ എത്തുന്ന രോഗിക്ക് മരണമൊഴി നൽകേണ്ടി വരുന്നത് അതീവ ഗുരുതരമായ സാഹചര്യമാണ്. വീഴ്ച വരുത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.
കെ.പി.സി.സിയുടെ 13 വൈസ് പ്രസിഡന്റുമാർക്കും ട്രഷറർക്കും 14 ജില്ലകളുടെയും ചുമതല നൽകും. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിന് 140 നിയോജക മണ്ഡലങ്ങളിൽ ജനറൽ സെക്രട്ടറിമാർക്കും മറ്റ് നേതാക്കൾക്കും ചുമതല നൽകും .