എസ്.ഐ.ആർ : വോട്ടർ പട്ടികയിൽ എ.എ.ഷുക്കൂറില്ല

Saturday 08 November 2025 12:50 AM IST

ആലപ്പുഴ: തീവ്ര വോട്ടർ പട്ടിക പരിഷ്‌ക്കരണത്തിന്റെ (എസ്‌.ഐ.ആർ) ഭാഗമായി ബി.എൽ.ഒമാർ വോട്ടേഴ്സ് ലിസ്റ്റ് വീട്ടിലെത്തിച്ചപ്പോൾ മുൻ എം.എൽ.എയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ എ.എ.ഷുക്കൂറിന്റെ പേരില്ല. മുൻ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്ത ഷുക്കൂറിന്റെയും കുടുംബത്തിലുള്ള നാല് അംഗങ്ങളുടെയും പേരുകളാണ് കാണാതായത്.

2002ൽ കുടുംബത്തിലെ 10 പേർക്കാണ് വോട്ടുണ്ടായിരുന്നത്. എന്നാൽ 2002നു ശേഷം പേരു ചേർത്തവർ ലിസ്റ്റിൽ ഉൾപ്പെടുകയും മുൻ കാലങ്ങളിൽ ഉണ്ടായിരുന്നവർ ലിസ്റ്റിൽ നിന്ന് പുറത്തു പോവുകയുമാണുണ്ടായത്. 2002 മുതൽ സിവ്യൂ വാർഡിൽ സെന്റ് സെബാസ്റ്റ്യൻ പോളിംഗ് സ്‌റ്റേഷനിലാണ് ഷുക്കൂർ വോട്ട് ചെയ്യുന്നത്. ഇത്തരത്തിൽ നിരവധി പേർ വോട്ടർ പട്ടികയിൽ നിന്നും പുറത്തു പോയിട്ടുണ്ടെന്നും വാർഡിൽ ഇല്ലാത്ത പലരെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഷുക്കൂർ ആരോപിച്ചു.