സംസ്ഥാനത്ത് വേർപിരിയാൻ കാത്ത് 39,067 ദമ്പതികൾ 

Saturday 08 November 2025 12:00 AM IST

തൃശൂർ: സംസ്ഥാനത്ത് ദമ്പതികളുടെ കലഹം മൂലം കുടുംബ കോടതികളിലെ കേസുകൾ കൂടുന്നു, വേർപിരിയാൻ കാത്തു നിൽക്കുന്നത് 39,067 ദമ്പതികൾ. ഈ വർഷം ജൂൺ 30 വരെ ആറ് മാസത്തിനുള്ളിൽ കുടുംബ കോടതികളിലെത്തിയത് 25,856 കേസുകൾ.

ഓരോ വർഷവും വേർപിരിയാൻ തയ്യാറായി കോടതിയിലെത്തുന്നവരുടെ എണ്ണം കൂടുകയാണ്. വിവാഹം കഴിഞ്ഞ് ഒരാഴ്ച പോലും ഒരുമിച്ച് താമസിക്കാത്തവരും

കൂട്ടത്തിലുണ്ട്. കൂടുതൽ കേസുകളെത്തിയത് (ആറു മാസത്തിൽ) തിരുവനന്തപുരം കോടതിയിലാണ് -3,307 . 2020ൽ 18,886 കേസുകളാണ് കോടതികളിലെത്തിയതെങ്കിൽ ഈ വർഷം ആറ് മാസമെത്തിയപ്പോഴേക്കും പുതിയ കേസുകളുടെ എണ്ണം 25,856.

പറഞ്ഞ് തീർക്കാൻ

കഴിയുന്നില്ല

കോടതികൾ മുൻകൈയെടുത്ത് പരസ്പരം സംസാരിച്ച് പ്രശ്‌നം പരിഹരിച്ച് ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് ആദ്യം നടത്തുന്നത്. അഞ്ച് ശതമാനം പോലും ഇത്തരം പരിശ്രമങ്ങൾ വിജയത്തിലെത്താറില്ല. മിക്കവരും എല്ലാം ഉറപ്പിച്ചാണ് കോടതികളിലെത്തുന്നത്. ഇവരെ പിൻതിരിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടാലേ കേസുമായി നീങ്ങാറുള്ളൂ. സംസ്ഥാനത്ത് 35 കുടുംബ കോടതികളും രണ്ട് അഡീഷണൽ കുടുംബ കോടതികളുമാണുള്ളത്.

കൂടുതൽ കേസുകൾ

(2025 ജൂൺ വരെ)

തിരുവനന്തപുരം- 3,307 വടകര -2,322 ആറ്റിങ്ങൽ- 2,241 എറണാകുളം -2,081 ഏറ്റുമാനൂർ- 1,967 ഇരിങ്ങാലക്കുട- 1,925 കൊല്ലം -1,690 പാലക്കാട് -1,633 മലപ്പുറം -1,592 മാവേലിക്കര -1,492

കൂട്ടു കുടുംബങ്ങളിൽ നിന്ന് ന്യൂക്ലിയർ കുടുംബങ്ങളിലേക്ക് മാറിയതാണ് വേർപിരിയൽ

കേസുകൾ കൂടാൻ കാരണം. ചെറിയ പ്രശ്‌നങ്ങൾ പോലും മനസിൽ വച്ച് വലുതാക്കിയാണ് വിവാഹ മോചനത്തിലേക്ക് എത്തുന്നത്.

-അഡ്വ.സംഗീത വിശ്വനാഥ് കുടുംബ കോടതി അഭിഭാഷക