രവീന്ദ്രസംഗീതം പോലെ ഉയരുന്നു 'ആനന്ദഭവനം"
കൊച്ചി: നിലയ്ക്കാത്ത ഗാനങ്ങളുടെ മാന്ത്രികൻ രവീന്ദ്രൻമാഷിന്റെ സ്വപ്നമായ സംഗീതസ്മാരകം 'ആനന്ദഭവനം" യാഥാർത്ഥ്യത്തിലേക്ക്. പ്രിതപത്നി ശോഭ പാലക്കാട് കോങ്ങാട് നിർമ്മിക്കുന്ന 'റിട്ടയർമെന്റ് ഹോമിന്റെ" പ്രവൃത്തികൾ പുരോഗമിക്കുന്നു. പൈലിംഗ് ജോലികൾ പൂർത്തിയായി. 2027 ഡിസംബറിൽ ഉദ്ഘാടനം ചെയ്യാനാണ് ലക്ഷ്യം.
വിശ്രമജീവിതം സംഗീതംപോലെ മധുരമാക്കാൻ ആളുകൾക്ക് ഒരു കുടക്കീഴിൽ കഴിയാനൊരു റിട്ടയർമെന്റ് ഹോം. അതായിരുന്നു മാഷിന്റെ സ്വപ്നം. 35വർഷം മുമ്പാണ് ശോഭയോട് ആഗ്രഹം പങ്കുവച്ചത്. തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ ഇതിനായി സ്ഥലം കണ്ടുവയ്ക്കുകയും 'ആനന്ദഭവനം" എന്ന പേര് രവീന്ദ്രൻ കുറിക്കുകയും ചെയ്തിരുന്നു. എന്നാൽ ആഗ്രഹം ബാക്കിയാക്കി, 2005 മാർച്ച് 3ന് രവീന്ദ്രൻ മാഷ് വിടപറഞ്ഞു.
മാഷിന്റെ ജന്മനാടായ കൊല്ലം കുളത്തൂപ്പുഴയിൽ സ്മാരകം നിർമ്മിച്ചപ്പോൾ വലിയ പ്രതീക്ഷയായിരുന്നെന്ന് ശോഭ കേരളകൗമുദിയോട് പറഞ്ഞു. എന്നാൽ അത് വെറും കെട്ടിടം മാത്രമായി. നിർമ്മാണം നീണ്ടു. ഉദ്ഘാടനശേഷം സ്മാരകം അടച്ചിട്ടതോടെയാണ് ആനന്ദഭവനം നിർമ്മിക്കാൻ തീരുമാനിച്ചതെന്നും അവർ വ്യക്തമാക്കി. 50 സെന്റ് സ്ഥലത്താണ് നിർമ്മാണം നടക്കുന്നത്. ഹോമിലെ താമസക്കാർക്കൊപ്പം ശിഷ്ടകാലം കഴിയാനാണ് ശോഭയുടെ ആഗ്രഹം.
4 നിലകളിലായി 31 മുറികൾ നാലു നിലകളിലായി 31 മുറികളാണ് ആനന്ദഭവനത്തിലുണ്ടാവുക. അടുക്കള, ഡൈനിംഗ് റൂം എന്നിവയ്ക്ക് പുറമെ ആഴ്ചയിൽ സംഗീതപരിപാടികൾ അവതരിപ്പിക്കാൻ ആംഫി തിയേറ്റർ, ഭജൻ ഏരിയ എന്നിവയുമുണ്ടാകും. 24 മണിക്കൂറും ഹോംനഴ്സിന്റെ സേവനവുമുണ്ടാകും.
മുറികൾ പാട്ടത്തിന് ആനന്ദഭവനത്തിലെ മുറികൾ പാട്ടത്തിന് വാങ്ങാം. ഒരുകിടപ്പുമുറിക്ക് 15 ലക്ഷവും രണ്ട് കിടപ്പുമുറിക്ക് 20 ലക്ഷം രൂപയുമാണ് നിരക്ക്. ഒരാൾക്ക് 10,000 രൂപ പ്രതിമാസ ചെലവായും നൽകണം.
രവീന്ദ്രൻമാഷിന്റെ ആഗ്രഹം പോലെ റിട്ടയർമെന്റ് ഹോമായി നിലനിൽക്കാനാണ് റൂമുകൾ പാട്ടത്തിന് നൽകുന്നത്. - ശോഭാ രവീന്ദ്രൻ