മെഡി.കോളേജിൽ ചികിത്സ കിട്ടാതെ മരണം രോഗികളോട് കാരുണ്യത്തോടെ പെരുമാറുന്നില്ല,​ തിരുത്തൽ വേണം ചികിത്സ വൈകിയില്ലെന്ന് വിലയിരുത്തൽ പ്രാഥമിക റിപ്പോർട്ട് ഉടൻ കൈമാറും

Saturday 08 November 2025 12:53 AM IST

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളോട് കാരുണ്യത്തോടെ പെരുമാറാൻ പലപ്പോഴും ചില ജീവനക്കാർക്ക് കഴിയുന്നില്ലെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ നിരീക്ഷണം. ഇത് ആശുപത്രിയെക്കുറിച്ച് തെറ്റായ ധാരണ രോഗിയിലും കൂട്ടിരിപ്പുകാരിലും ഉണ്ടാക്കുന്നു. ഇക്കാര്യങ്ങളിൽ ജീവനക്കാർ ജാഗ്രത പുലർത്തണമെന്ന പൊതുവികാരമുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ കിട്ടാതെ കൊല്ലം പന്മന സ്വദേശി വേണു മരിച്ച സംഭവത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് വിലയിരുത്തൽ.

അതേസമയം, നെഞ്ചു വേദനയുമായെത്തിയ വേണുവിന് ചികിത്സ ലഭിച്ചില്ലെന്ന പരാതിയിൽ കഴമ്പില്ലെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി സൂചനയുണ്ട്. കാഷ്വാലിറ്റിയിലെത്തിയ രോഗിയെ വാർഡിലേക്ക് മാറ്റിയതിന് പിന്നാലെ ഹൃദ്രോഗികൾക്ക് നൽകുന്ന രക്തം കട്ടപിടിക്കാതിരിക്കാനുള്ള ഹെപ്പാരിൻ മരുന്ന് നൽകി. ആവശ്യമായ പരിശോധനകൾ നടത്തി. നെഞ്ചുവേദനയുണ്ടായി 24 മണിക്കൂറിന് ശേഷമാണ് രോഗിയെത്തിയത്. ഈ സാഹചര്യത്തിലെടുക്കേണ്ട നടപടികൾ സ്വീകരിച്ചെന്നും കാർഡിയോളജി ഡോക്ടർമാർ വിശദീകരിച്ചു.

നൽകിയ മരുന്നുകളുടെ വിവരങ്ങളടക്കം കാർഡിയോളജി മേധാവി മാത്യു ഐപ്പ് കൈമാറി. റിപ്പോർട്ട് ഉടൻ ആരോഗ്യമന്ത്രിക്ക് ഡി.എം.ഇ വിശ്വനാഥൻ നൽകും. യൂണിഫോമിട്ടവർ നായയെ നോക്കുന്ന പരിഗണനപോലും നൽകുന്നില്ലെന്ന് മരിക്കുന്നതിന് മുമ്പ് വേണു പറയാനിടയായ സാഹചര്യത്തെക്കുറിച്ച് ആശുപത്രിയിൽ തിരുത്തൽ വേണമെന്ന വിലയിരുത്തലും റിപ്പോർട്ടിലുണ്ടാകുമെന്നാണ് സൂചന.

10- 20% വരെ

മരണസാദ്ധ്യത

ഹൃദയാഘാതത്തിന് എന്തുചികിത്സ നൽകിയാലും 10-20% വരെ മരണം സംഭവിക്കാൻ സാദ്ധ്യതയുണ്ടെന്ന് കാർഡിയോളജി മേധാവി ഡോ.മാത്യു ഐപ്പ്. എല്ലാ രോഗികളും ഞങ്ങൾക്ക് ഒരുപോലെയാണ്. ഈ മാസം ഒന്നിനാണ് വേണു ആശുപത്രിയിൽ എത്തിയത്. കാർഡിയോളജി വിഭാഗത്തിലെ ഡോക്ടറാണ് കാഷ്വാലിറ്റിയിൽ കണ്ടത്. ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചു. വേദന തുടങ്ങി 24 മണിക്കൂറിനു ശേഷമെത്തിയതിനാൽ പ്രാഥമിക ആൻജിയോപ്ലാസ്റ്റി നൽകാൻ സാധിച്ചില്ല. മറ്റ് മരുന്നുകൾ നൽകി. ബുധനാഴ്ച വൈകിട്ട് ഹാർട്ട് ഫെയിലിയർ ഉണ്ടായി. മികച്ച ചികിത്സയാണ് നൽകിയത്. വീഴ്ച വരുത്തിയിട്ടില്ല.

മുഖ്യമന്ത്രിക്ക് പരാതി

വേണുവിന്റെ ശബ്ദസന്ദേശത്തിലെ ആരോപണങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ അഡ്വ. കുളത്തൂർ ജയ്സിംഗ് മുഖ്യമന്ത്രിക്ക് പരാതി നൽകി. പരാതി ഡി.ജി.പിക്കും ആരോഗ്യവകുപ്പിനും കൈമാറി.