ഷെൽട്ടർ വരുന്നതിൽ ഇപ്പോഴേ എതിർപ്പ്
തിരുവനന്തപുരം: തെരുവ് നായ വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ പ്രായോഗിക ബുദ്ധിമുണ്ടുണ്ടെന്ന് തദ്ദേശ വകുപ്പ്. ഷെൽട്ടർ ഹോമുകൾക്ക് സ്ഥലം കണ്ടെത്തലാണ് ഏറെ പ്രയാസകരം. കേരളത്തിൽ കൂടുതൽ എ.ബി.സി കേന്ദ്രങ്ങൾ പ്രവർത്തിക്കാൻ പ്രാദേശിക എതിർപ്പുകൾ കാരണം കഴിയുന്നില്ല. തുടർന്നാണ് പോർട്ടബിൾ എ.ബി.സി സെന്റർ നടപ്പാക്കാൻ തീരുമാനിച്ചത്. മൂന്നാഴ്ചയ്ക്കകം ഇത്രയധികം നായകളെ ഒരുമിച്ച് മാറ്റാനുള്ള സംവിധാനമൊരുക്കുക അസാദ്ധ്യം. വിധിപ്പകർപ്പ് ലഭിച്ച ശേഷം ഇക്കാര്യം പരിശോധിക്കാൻ യോഗം ചേരാനാണ് തീരുമാനം.
തെരുവ് നായകളെ പിടികൂടി വന്ധ്യംകരിച്ച് അതേ സ്ഥലത്ത് കൊണ്ടുവിടുന്നതാണ് നിലവിലെ രീതി. സംസ്ഥാനത്ത് 19 എ.ബി.സി കേന്ദ്രങ്ങളുണ്ട്. 2024–25ൽ 15,767 തെരുവ് നായകളെ വന്ധ്യംകരിച്ചു. 88,744 നായകളെ വാക്സിനേറ്റ് ചെയ്തു. ഇക്കൊല്ലം സെപ്തംബർ 30 വരെ വന്ധ്യംകരണം 9,737, വാക്സിനേഷൻ 53,401.