ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫോറിൻ ട്രേഡിൽ എം.ബി.എ
മിനിസ്ട്രി ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിക്കു കീഴിൽ ഡൽഹിയിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫോറിൻ ട്രേഡിൽ (ഐ.ഐ.എഫ്.ടി) ദ്വിവർഷ എം.ബി.എ. 2026- 28 അദ്ധ്യയന വർഷത്തേക്കാണ് പ്രവേശനം. ബിസിനസ് അനലിറ്റിക്സ്, ഇന്റർനാഷണൽ ബിസിനസ് എന്നിവയിലാണ് സ്പെഷ്യലൈസേഷൻ. അന്താരാഷ്ട്ര തലത്തിൽ ബിസിനസ് കരിയർ ആഗ്രഹിക്കുന്നവർക്ക് മികച്ച കോഴ്സാണിത്. ഡൽഹിക്കു പുറമേ കൊൽക്കത്ത, ഗാന്ധിനഗർ ഗിഫ്റ്റ് സിറ്റി (ഗുജറാത്ത്), കാകിനാഡ (ആന്ധ്ര) എന്നിവിടങ്ങളിലും കാമ്പസുണ്ട്.
CAT 2025 സ്കോറിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവർക്ക് ഗ്രൂപ്പ് ഡിസ്കഷനും ഇന്റർവ്യൂവും ഉണ്ടാകും. കാമ്പസുകൾക്ക് പുറമേ ചെന്നൈ, ബംഗളൂരു, അഹമ്മദാബാദ്, മുംബൈ, ലഖ്നൗ, ഇൻഡോർ എന്നിവിടങ്ങളും ഇന്റർവ്യൂ സെന്ററാണ്. അപേക്ഷിക്കാൻ പ്രായപരിധിയില്ല.
എം.ബി.എ ഇന്റർനാഷണൽ ബിസിനസ്
നാലു കാമ്പസുകളിലെയും 720 സീറ്റുകളിലാണ് പ്രവേശനം. അടിസ്ഥാന യോഗ്യത: 50 ശതമാനം മാർക്കോടെ നേടിയ ബിരുദം. എസ്.സി/ എസ്.ടി/ പി.ഡബ്ല്യു.ഡി വിഭാഗക്കാർക്ക് 45 ശതമാനം മാർക്ക് മതി. കോഴ്സ് ഫീസ്: 19.68 ലക്ഷം രൂപ മുതൽ 21.82 ലക്ഷം രൂപ വരെ (വിവിധ കാമ്പസുകൾക്കനുസരിച്ച് ഫീസിൽ വ്യത്യാസമുണ്ട്.). എസ്.സി/ എസ്.ടി/ പി.ഡബ്ല്യു.ഡി വിഭാഗക്കാർക്ക് ട്യൂഷൻ ഫീസിൽ 50 ശതമാനം ഇളവു ലഭിക്കും.
എം.ബി.എ- ബിസിനസ് അനലിറ്റിക്സ്
ഡൽഹി കാമ്പസിലെ 60 സീറ്റുകളിലാണ് പ്രവേശനം. അടിസ്ഥാന യോഗ്യത: സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച് 50 ശതമാനം മാർക്കോടെ നേടിയ ബിരുദം. അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ ബി.ഇ/ ബി.ടെക്. അല്ലെങ്കിൽ മാത്തമാറ്റിക്സ് (അപ്ലൈഡ് മാത്‌സ് പരിഗണിക്കില്ല) ഒരു വിഷയമായി പഠിച്ചപ്ലസ് ടുവും 50 ശതമാനം മാർക്കോടെ ബിരുദവും. കോഴ്സ് ഫീസ്:1787506 രൂപ. എസ്.സി/ എസ്.ടി/ പി.ഡബ്ല്യു.ഡി വിഭാഗക്കാർക്ക് ട്യൂഷൻ ഫീസിൽ 50 ശതമാനം ഇളവു ലഭിക്കും.
വെബ്സൈറ്റ്: www.iift.ac.in
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: നവബർ 28.