'ഓപ്പറേഷൻ രക്ഷിത' തുടങ്ങി: ജില്ലയിൽ പരിശോധന ശക്തം

Saturday 08 November 2025 12:00 AM IST
ഓപ്പറേഷൻ രക്ഷിത

റെയിൽവെ സ്റ്റേഷനുകളിൽ പൊലീസ് സുരക്ഷ

കോഴിക്കോട്: ട്രെയിനുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകൾ ഉൾപ്പടെയുള്ള യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ആരംഭിച്ച 'ഓപ്പറേഷൻ രക്ഷിത' യുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ പരിശോധന ശക്തമാക്കി. റെയിൽവേ പൊലീസ്, ലോക്കൽ പൊലീസ് എന്നിവ സംയുക്തമായാണ് പരിശോധന നടത്തുന്നത്. റെയിൽവേ സ്റ്റേഷനുകളിലെ എൻട്രി, എക്സിറ്റ് കവാടങ്ങളിലും പ്ലാറ്റ്‌ഫോമുകളിലും ട്രെയിനുകളിലും പരിശോധനയുണ്ട്. മദ്യലഹരിയിലുള്ള യാത്രക്കാരെ തിരിച്ചറിയുന്നതിനായി ആൽക്കോമീറ്റർ പരിശോധന വിവിധ റെയിൽവേ സ്റ്റേഷനുകളിൽ ആരംഭിച്ചു. റെയിൽവേ സ്റ്റേഷനുകളിലും യാത്രാ ട്രെയിനുകളിലും മയക്കു മരുന്നുകളും നിരോധിത പുകയില ഉത്പന്നങ്ങളും ഹവാല പണവും കണ്ടെത്തുന്നതിനുള്ള നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. സ്റ്റേഷനുകളിൽ ഉപേക്ഷിക്കപ്പെട്ട ബാഗുകൾ, സംശയാസ്പദമായ വസ്തുക്കൾ എന്നിവ കണ്ടെത്തിയാൽ ബോംബ് സ്‌ക്വാഡ്, കെ9 സ്‌ക്വാഡ് എന്നിവയുടെ സഹായത്തോടെ അടിയന്തര പരിശോധന നടത്തുന്നതിനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തി. രഹസ്യന്വേഷണ വിഭാഗവും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

നാല് മേഖലകൾ; സംയുക്ത പരിശോധന

'ഓപ്പറേഷൻ രക്ഷിത'യുടെ ഭാഗമായി തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചാണ് നാല് റെയിൽവേ ഡി.വൈ.എസ്.പിമാരുടെ മേൽനോട്ടത്തിൽ വനിത പൊലീസ് ഉൾപ്പടെയുള്ളവരെ ഉൾപ്പെടുത്തി സഞ്ചരിക്കുന്ന ട്രെയിനുകളിലും പ്ലാറ്റ്‌ഫോമുകളിലും പെട്രോളിഗും സ്ത്രീകൾ കൂടുതലുള്ള കമ്പാർട്ട്‌മെന്റുകളിൽ പരിശോധനയും ശക്തമാക്കിയത്. റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സ്ത്രീ യാത്രികരുടെ സുരക്ഷ ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം.

ടിക്കറ്റില്ലെങ്കിൽ കുടുങ്ങും

റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം ടിക്കറ്റില്ലാതെയും യാത്രാ ട്രെയിനുകളിൽ ടിക്കറ്റില്ലാതെയും യാത്ര ചെയ്യുന്നവരെയും അലഞ്ഞുതിരിഞ്ഞ് നടക്കുന്നവരെയും കർശനമായി നിരീക്ഷിക്കുന്നതിനൊപ്പം ഇത്തരക്കാർക്കെതിരെ അടിയന്തര നിയമ നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് കുറ്റകൃത്യങ്ങൾ കണ്ടാൽ നിയമസഹായത്തിന് ബന്ധപ്പെടാനുള്ള സുരക്ഷാ ആപ്പ് ഉടൻ പ്രവർത്തനക്ഷമമാക്കും.

വിവരം നൽകാം

റെയിൽവേ യാത്രക്കാർക്ക് സംശയാസ്പദമായ വസ്തുക്കളോ വ്യക്തികളെയോ കണ്ടാൽ അടുത്തുള്ള പൊലീസുകാരെയോ റെയിൽ അലർട്ട് കൺട്രോൾ (9846200100), ഇ.ആർ.എസ്.എസ് കൺട്രോൾ (112), റെയിൽവേ ഹെൽപ്പ് ലൈൻ (139) എന്നിവയിലോ വിവരം നൽകാം.