ഇൻവെസ്‌റ്റ് കേരള: നൂറ് പദ്ധതികൾക്ക് നിർമ്മാണത്തുടക്കം

Saturday 08 November 2025 12:11 AM IST

മൊത്തം നിക്ഷേപം 35,111 കോടി രൂപ

പുതിയ തൊഴിലവസരങ്ങൾ 49.732

തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പ് സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിൽ

താത്‌പര്യപത്രം ഒപ്പുവച്ച നൂറ് നിക്ഷേപ പദ്ധതികളുടെ നിർമ്മാണത്തിന് തുടക്കമായി. എൻ.ഡി.ആർ സ്‌പെയ്സിന്റെ വെയർഹൗസിംഗ് ആൻഡ് ഇൻഡസ്ട്രിയൽ പാർക്കാണ് നിർമ്മാണം തുടങ്ങിയ നൂറാം പദ്ധതി. 35,111. 75 കോടി രൂപയുടെ ഈ പദ്ധതികൾ 49.732 തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

ചുരുങ്ങിയ സമയത്തിൽ നൂറ് പദ്ധതികളുടെ നിർമ്മാണം തുടങ്ങാനായത് മികച്ച റെക്കാഡാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. 449 സ്ഥാപനങ്ങൾ ചേർന്ന് 1.80 ലക്ഷം കോടി രൂപയുടെ താത്പര്യപത്രങ്ങളാണ് ഒപ്പിട്ടത്. അനിമേഷൻ രംഗത്തെ പ്രമുഖരായ ഇറ്റാലിയൻ കമ്പനി ഡൈനിമേറ്റഡ്, പ്രമുഖ ലോജിസ്റ്റിക് സ്ഥാപനമായ അവിഗ്ന തുടങ്ങിയവർ പ്രവർത്തനം തുടങ്ങി.

നിർമ്മാണം പുരോഗമിക്കുന്നത്

അദാനി ലോജിസ്റ്റിക് പാർക്ക്, കോവിഡ് വാക്സിൻ വികസിപ്പിച്ച കൃഷ്ണ എല്ലയുടെ ഭാരത് ബയോടെകിന്റെ കീഴിലുള്ള ലൈഫ് സയൻസ് കമ്പനി, സിസ്‌ട്രോം, എസ്.എഫ്. ഒ ടെക്‌നോളജീസ്, ഗാഷ സ്റ്റീൽസ് ടി.എം. ടി പ്ലാന്റ്, കെ.ജി.എ ഇന്റർനാഷണൽ, കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്, അക്കോസ ടെക്‌നോളജീസ്, വിൻവിഷ് ടെക്‌നോളജീസ്, ഡബ്‌ള്യു. ജി.എച്ച് ഹോട്ടൽസ്, ജേക്കബ്ബ് ആൻഡ് റിച്ചാർഡ് തുടങ്ങിയവയുടെ നിർമ്മാണം പുരോഗമിക്കുന്നു

നിക്ഷേപമെത്തിയ മേഖലകൾ

ടൂറിസം, ഐ ടി, ഭക്ഷ്യ സംസ്‌കരണം, ഇലക്ട്രോണിക് ഘടകങ്ങളുടെ നിർമ്മാണം, ഫാർമ സ്യൂട്ടിക്കൽസ്, മര അധിഷ്ഠിത വ്യവസായങ്ങൾ, ഹെൽത്ത് കെയർ

വ്യവസായ വകുപ്പിന്റെ മേൽനോട്ടം

100 കോടി രൂപ വരെ മുതൽ മുടക്കുള്ള പദ്ധതികൾക്ക് വ്യവസായ വാണിജ്യ വകുപ്പാണ് മേൽനോട്ടം വഹിക്കുന്നത്. 100 കോടിക്ക് മുകളിൽ നിക്ഷേപമുള്ള പദ്ധതികൾക്ക് കെ.എസ്. ഐ.ഡി.സി മേൽനോട്ടം വഹിക്കുന്നു. ഐ.കെ.ജി.എസ് പദ്ധതികൾക്ക് പ്രത്യേക പരിഗണന നൽകുന്നതിന് തദ്ദേശ വകുപ്പിൽ ടാസ്‌ക് ഫോഴ്സിനും രൂപം നൽകിയിട്ടുണ്ട്.