റെക്കാഡ് ലാഭത്തിൽ പൊതുമേഖല ബാങ്കുകൾ
ആദ്യ അർദ്ധവർഷത്തെ അറ്റാദായം 93,674 കോടി രൂപ
കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ അർദ്ധ വർഷത്തിൽ രാജ്യത്തെ 12 പൊതുമേഖല ബാങ്കുകൾ ചേർന്ന് 93,674 കോടി രൂപയുടെ റെക്കാഡ് അറ്റാദായം കൈവരിച്ചു. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള കാലയളവിലെ 85,520 അറ്റാദായത്തിൽ നിന്ന് പത്ത് ശതമാനം വർദ്ധനയാണുണ്ടായത്. ജൂലായ് മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസത്തിലെ അറ്റാദായം 49,456 കോടി രൂപയായി ഉയർന്നതാണ് നേട്ടമായത്. യൂണിയൻ ബാങ്കും ബാങ്ക് ഒഫ് ഇന്ത്യയും ഒഴികെയുള്ള പത്ത് ബാങ്കുകളും രണ്ടാം ത്രൈമാസത്തിൽ അറ്റാദായത്തിൽ മികച്ച വളർച്ച നേടി. മുൻവർഷം ഇതേകാലയളവിനേക്കാൾ ഒൻപത് ശതമാനം വർദ്ധനയുണ്ട്. മൊത്തം ലാഭത്തിന്റെ 40 ശതമാനവും സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയാണ്(എസ്.ബി.ഐ) കൈവരിച്ചത്. എസ്.ബി.ഐയുടെ അറ്റാദായം 10 ശതമാനം വർദ്ധിച്ച് 20,159.67 കോടി രൂപയായി.
ചെന്നൈയിലെ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ(ഐ.ഒ.ബി) അറ്റലാഭം 58 ശതമാനം ഉയർന്ന് 1,226 കോടി രൂപയിലെത്തി. സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യയുടെ അറ്റാദായം 33 ശതമാനം ഉയർന്ന് 1,213 കോടി രൂപയായി, അതേസമയം ബാങ്ക് ഒഫ് ബറോഡയുടെ അറ്റാദായം എട്ട് ശതമാനം കുറഞ്ഞു. യൂണിയൻ ബാങ്കിന്റെ അറ്റാദായവും പത്ത് ശതമാനം ഇടിഞ്ഞു.
പലിശ മാർജിൻ കുറയുന്നു
റിസർവ് ബാങ്ക് ഫെബ്രുവരിക്ക് ശേഷം റിപ്പോ നിരക്ക് ഒരു ശതമാനം കുറച്ചതോടെ പൊതുമേഖല ബാങ്കുകളുടെ മാർജിൻ കുറയുകയാണ്. എസ്.ബി.ഐയുടെ പലിശ മാർജിൻ സെപ്തംബർ പാദത്തിൽ 3.09 ശതമാനമായി താഴ്ന്നു. പി.എൻ.ബിയുടെ മാർജിൻ 2.6 ശതമാനത്തിലേക്ക് താഴ്ന്നു, യൂണിയൻ ബാങ്ക്, ബി.ഒബി. കനറാ ബാങ്ക് എന്നിവയുടെയും മാർജിൻ കുറഞ്ഞു.
പലിശയിതര വരുമാനം കുതിക്കുന്നു
ഫീസുകൾ, ട്രഷറി വ്യാപാരം, സേവന ചാർജുകൾ തുടങ്ങിയ ഇനങ്ങളിലായി ബാങ്കുകൾക്ക് മികച്ച വരുമാനമാണ് ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്നത്. ജൂലായ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ എസ്.ബി.ഐയുടെ പലിശയിതര വരുമാനം 30.4 ശതമാനം ഉയർന്ന് 19,919 കോടി രൂപയായി.
കിട്ടാക്കടം കുറയുന്നു
അവലോകന കാലയളവിൽ പൊതുമേഖല ബാങ്കുകൾ കിട്ടാക്കടം ഗണ്യമായി കുറച്ചു. ബാങ്ക് ഒഫ് മഹാരാഷ്ട്രയാണ് ആസ്‌തി ഗുണമേന്മയിൽ മുൻനിരയിൽ. 1.72 ശതമാനമാണ് ബാങ്കിന്റെ കിട്ടാക്കടം. എസ്.ബി.ഐയുടെ കിട്ടാക്കടം 1.73 ശതമാനത്തിലാണ്. പി.എൻ.ബി, യൂണിയൻ ബാങ്ക്, കനറാ ബാങ്ക് തുടങ്ങിയവയെല്ലാം കിട്ടാക്കടം കുറച്ചു.
ജൂലായ് മുതൽ സെപ്തംബർ കാലയളവിലെ അറ്റാദായം
49,456 കോടി രൂപ