മെറ്റാ കാഷിംഗ് സാങ്കേതികവിദ്യ നടപ്പാക്കി കെ- ഫോൺ

Saturday 08 November 2025 12:25 AM IST

കൊച്ചി: ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ മെറ്റാ പ്ലാറ്റ്‌ഫോമുകളിലേക്ക് വേഗത്തിൽ പ്രവേശിക്കാൻ കഴിയുന്ന മെറ്റാ കാഷിംഗ് സാങ്കേതികവിദ്യ കെ- ഫോൺ നടപ്പാക്കി. ഇതിലൂടെ മികച്ച വീഡിയോ നിലവാരവും സുഗമമായ സ്ട്രീമിംഗും ഉറപ്പാക്കാനാകും. കെ- ഫോണിന്റെ കൊച്ചിയിലെ നെറ്റ്‌വർക്ക് ഓപ്പറേഷൻസ് സെന്ററിലാണ് സാങ്കേതികവിദ്യ സ്ഥാപിച്ചത്. സാമൂഹ്യ മാദ്ധ്യമങ്ങളുടെയും മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെയും കാര്യക്ഷമമായ പ്രവർത്തനങ്ങളിലൂടെ മികച്ച ഉപഭോക്തൃ സേവനമുറപ്പാക്കുന്ന തരത്തിലാണ് സംവിധാനമെന്ന് കെ- ഫോൺ അധികൃതർ അറിയിച്ചു.

മെറ്റാ കാഷിംഗ് സാങ്കേതികവിദ്യയിലൂടെ കൂടുതൽ സ്ഥിരതയും വേഗതയുമുള്ള ഇന്റർനെറ്റ് അനുഭവം ലഭ്യമാകും. ശൃംഖല കൂടുതൽ കാര്യക്ഷമമായി നിയന്ത്രിക്കാനും ഡേറ്റാ ഉപഭോഗം ഉയരുന്ന സാഹചര്യത്തിലും മികച്ച സേവനനിലവാരം നിലനിറുത്താനുമാകും. ഇതിലൂടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും മികച്ച ഇന്റർനെറ്റ് സേവനം നൽകാൻ കെ- ഫോണിനാകുമെന്ന് അധികൃതർ അറിയിച്ചു.