എൽ.ഡി.എഫിനൊപ്പം നിന്ന് മത്സരിക്കുമെന്ന് എ.വി.ഗോപിനാഥ്
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനൊപ്പം ചേർന്ന് മത്സരിക്കുമെന്ന് പാലക്കാട് മുൻ ഡി.സി.സി പ്രസിഡന്റും, കോൺഗ്രസ് വിമത നേതാവുമായ എ.വി .ഗോപിനാഥ്. ഇതുവരെ കോൺഗ്രസ് മാത്രം ഭരിച്ച പാലക്കാട്ടെ പെരിങ്ങോട്ടുകുർശ്ശി പഞ്ചായത്തിൽ ഇത്തവണ ഭരണം മാറും. പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിൽ 60 വർഷമായി തുടരുന്ന കോൺഗ്രസ് ഭരണത്തിന് അവസാനമാകുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു..
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ വികസനം കൊണ്ടുവന്നത് ഇടതുപക്ഷമാണ്. ഈ തിരഞ്ഞെടുപ്പിൽഇടതിനോട് ചേർന്ന് മത്സരിക്കാനുള്ള തീരുമാനത്തെ പിന്തുണയ്ക്കുന്ന ഡി.സി.സി പ്രവർത്തകരും തന്റെയൊപ്പമുണ്ടാകും. നിയമസഭയിലേക്ക് മത്സരിക്കാൻ സി.പി.എം അവസരം നൽകിയാൽ അതും ആലോചിക്കും.
അതേസമയം, എ.വി.ഗോപിനാഥ് തങ്ങൾക്കൊരു ഭീഷണിയല്ലെന്ന് കോൺഗ്രസ് ക്യാമ്പ് വ്യക്തമാക്കി. . ഭീഷണിപ്പെടുത്തലിന്റെ രാഷ്ട്രീയമാണ് ഗോപിനാഥ് നടത്തുന്നത്. ലീഗിന്റെ ഒരു വിഭാഗം മാത്രമാണ് ഗോപിനാഥിനെപ്പം നിൽക്കുന്നതെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പറഞ്ഞു.