കെ. ജയകുമാർ തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ്

Saturday 08 November 2025 12:30 AM IST

തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാവും. ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. വൈകാതെ സർക്കാർ ഉത്തരവിറക്കും. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിലവിലെ ബോർഡ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെ ഹൈക്കോടതി പരാമർശം വന്ന സാഹചര്യത്തിലാണ് രാഷ്ട്രീയത്തിന് പുറത്തു നിന്നൊരാളെ പ്രസിഡന്റാക്കാനുള്ള തീരുമാനം.

സ്വർണക്കൊള്ള വിവാദം മൂലമുണ്ടായ അവമതിപ്പ് ഇല്ലാതാക്കുക കൂടിയാണ് ലക്ഷ്യം. ജയകുമാറിനെപോലെ പരിചയസമ്പന്നനായ ഒരാൾ ഈ ഘട്ടത്തിൽ പ്രസിഡന്റാകുന്നത് ഗുണകരമാവുമെന്ന് സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.

ബോർഡ് അംഗമായി സി.പി.ഐ സംസ്ഥാന കമ്മിറ്രിയംഗം വിളപ്പിൽ രാധാകൃഷ്ണനും നിയമിതനാവും.

നിലവിൽ ഐ.എം.ജി ഡയറക്ടറാണ് ജയകുമാർ. 2009 കാലഘട്ടത്തിൽ സംസ്ഥാനത്ത് ഭരണമാറ്റം മൂലം തിരുവിതാംകൂർ ദേവസ്വം ബോർഡിന് പ്രസിഡന്റ് ഇല്ലാതെ വന്നഘട്ടത്തിൽ ജയകുമാർ ദേവസ്വം കമ്മിഷണറും ആക്ടിംഗ് പ്രസിഡന്റുമായി പ്രവർത്തിച്ചിട്ടുണ്ട്. ശബരിമല മാസ്റ്റർ പ്ളാൻ ചെയർമാനും ശബരിമല സ്പെഷ്യൽ ഓഫീസറുമായിരുന്നു. ടൂറിസം സെക്രട്ടറി, മലയാളം സർവകലാശാല വൈസ് ചാൻസലർ തുടങ്ങി നിരവധി പദവികൾ വഹിച്ചിട്ടുണ്ട്.

ചലച്ചിത്ര ഗാനരചയിതാവും എഴുത്തുകാരനും ചിത്രകാരനുമാണ്. പ്രശസ്ത മലയാള,​തമിഴ് ചലച്ചിത്ര സംവിധായകനായിരുന്ന എം.കൃഷ്ണൻനായരുടെ മകനാണ്.